സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം; സാമ്പത്തിക വൈവിധ്യവത്കരണത്തിൽ നിർണായകമാവും -ക്യു.സി.ഡി.സി
text_fieldsദോഹ: രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യ വത്കരണത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽ സ്വദേശി വത്കരണവും നിർണായക പങ്കുവഹിക്കുമെന്ന് ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ (ക്യു.സി.ഡി.സി) എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല അഹ്മദ് അൽ മൻസൂരി.
കഴിഞ്ഞയാഴ്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയ 2024ലെ 12ാം നമ്പർ നിയമമാണ് സ്വകാര്യമേഖലകളിലെ സ്വദേശി വത്കരണത്തിന് വഴിയൊരുക്കുന്നത്. രാജ്യത്തെ തൊഴിൽ വൈവിധ്യവത്കരണത്തിൽ നിയമം ചരിത്രപ്രാധാന്യമുള്ള ചുവടുവെപ്പായി മാറുമെന്ന് അബ്ദുല്ല അഹ്മദ് അൽ മൻസൂരി പറഞ്ഞു.
രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം, സ്വകാര്യ തൊഴിൽ മേഖലകൾ കൂടുതൽ ആകർഷമാക്കപ്പെടുകയും ചെയ്യും. രാജ്യത്തിന്റെയും മാനവ വിഭവത്തിന്റെയും വളർച്ചയിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും നിർണായക സംഭാവനകളും നൽകാൻ കഴിയും -അൽ അറബ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘സ്വദേശിവത്കരണ നിയമം വിപണിയും തൊഴിൽ വൈവിധ്യവും ഉൾക്കൊണ്ട് സ്വദേശി യുവാക്കൾക്ക് പ്രഫഷനൽ മികവ് വളർത്താനും തൊഴിൽ പരിചയം നേടുന്നതിനും അവസരമൊരുക്കുന്നു. മത്സരാധിഷ്ഠിതമായ തൊഴിൽ സാഹചര്യത്തിലൂടെ തങ്ങളുടെ സാങ്കേതിക മികവും, വ്യക്തിഗത മിടുക്കും മെച്ചപ്പെടുത്താനും സാധ്യമാകും.
തൊഴിൽമേഖലയിലെ ഈ മത്സരാധിഷ്ഠിത അന്തരീക്ഷം ദ്രുതഗതിയിലുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ പാകമാക്കുന്നതിനൊപ്പം ഭാവിയെ നയിക്കാൻ ശേഷിയുള്ള നേതൃത്വത്തെയും സൃഷ്ടിക്കുന്നു’ -സ്വദേശി വത്കരണത്തിന്റെ ആഭ്യന്തര നേട്ടങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പുതിയ ചുവടുവെപ്പുകൾ ഈ ഘട്ടത്തോടെ അവസാനിക്കുന്നില്ല. നിലവിലെ പദ്ധതികളുടെ വിജയം ഉറപ്പാക്കാനും സ്വദേശി യുവാക്കൾക്ക് തൊഴിൽ മേഖലയിലെ വെല്ലുവിളികൾ നിർവഹിക്കാനും ഭാവിയിൽ മികവ് പുലർത്താനും നൂതന അവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുമെന്ന് ഉറപ്പാക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമായി വരും. -അൽ മൻസൂരി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പുതിയ നിയമം സംബന്ധിച്ച് അമീർ ഒപ്പുവെച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനും സ്വദേശികൾക്കും സ്വദേശി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിലവസരങ്ങൾ തുറക്കാനും അതുവഴി സ്വദേശികളുടെ മാനവവിഭവശേഷി സ്വകാര്യ മേഖലയിൽ പരമാവധി പ്രയോജനപ്പെടുത്താനുമാണ് നിയമം ലക്ഷ്യംവെക്കുന്നത്.
മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ പ്രവാസികൾ തൊഴിലെടുക്കുന്ന പ്രധാന മേഖലയാണിത്. നിയമം നടപ്പാവുന്നതോടെ തൊഴിൽ നഷ്ടം ഉൾപ്പെടെ പ്രതിസന്ധികളായിരിക്കും പ്രവാസികളെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.