സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; നടപ്പാക്കാൻ ആറു മാസം കാലാവധി
text_fieldsദോഹ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച അമീറിന്റെ നിർദേശം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചുകൊണ്ട് ഉത്തരവായി. നീതിന്യായ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗസറ്റിലാണ് നിയമം പ്രസിദ്ധീകരിച്ചത്.
പുതിയ നിയമം നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് ആറു മാസം സമയപരിധി നൽകും. നിയമലംഘനം നടത്തുന്നവർക്ക് തടവും വൻതുക പിഴയും അനുശാസിക്കുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ഈയിടെ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് അംഗീകാരം നൽകിയത്.
നിയമത്തിലെ 11ാം വകുപ്പ് പ്രകാരം ലംഘനം കണ്ടെത്തിയാൽ സ്വകാര്യ സ്ഥാപനത്തിന് രേഖാമൂലം മുന്നറിയിപ്പ് നൽകാനും സ്ഥാപനത്തിന്റെ ഇടപാടുകൾ മൂന്ന് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് താൽക്കാലികമായി നിർത്തിവെക്കാനും സാമ്പത്തിക പിഴ ചുമത്താനും നിയമം അനുശാസിക്കുന്നു. നിയമലംഘനത്തിന്റെ കാരണങ്ങൾ ബോധിപ്പിക്കാൻ അവസരം നൽകും.
അതേസമയം, തെറ്റായ വിവരങ്ങൾ അതോറിറ്റിയെ ബോധിപ്പിച്ച് തട്ടിപ്പ് നടത്തുകയോ നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ നേടിയെടുക്കുകയോ ചെയ്തതായി കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്ക് മൂന്ന് വർഷത്തിൽ കൂടാത്ത തടവും ദശലക്ഷം റിയാൽ പിഴയും ചുമത്താനും നിയമത്തിൽ വ്യക്തമാക്കുന്നു.
സ്ഥാപനത്തിലെ സ്വദേശികവത്കരണ മേഖലയിലേക്ക് ലഭ്യമായ ജോലി വിവരങ്ങൾ അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തുക, ഖത്തരികളുടെയും ഖത്തരികളല്ലാത്തവരുടെയും വിവരങ്ങൾ ഓരോ ആറു മാസത്തിലും നൽകുന്നതിൽ വീഴ്ച വരുത്തുക എന്നിവ കണ്ടെത്തിയാലും പിഴ ചുമത്തും. ആദ്യ തവണ നിയമലംഘനം നടത്തിയാൽ 10,000 റിയാലും ആവർത്തിച്ചാൽ 20,000 റിയാലും, വീണ്ടും നിയമലംഘനം നടത്തിയാൽ 30,000 റിയാലും പിഴ ചുമത്തും.
സെപ്റ്റംബർ ആദ്യവാരത്തിലാണ് 2024-ലെ 12ാം നമ്പർ നിയമത്തിന് അംഗീകാരം നൽകിക്കൊണ്ട് അമീർ ഉത്തരവിറക്കിയത്. വ്യക്തികളുടെ ഉടമസ്ഥതയിൽ വാണിജ്യ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലെ സ്ഥാപനങ്ങൾ, സർക്കാറും സ്വകാര്യ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭം ലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ.
അസോസിയേഷനുകൾ തുടങ്ങിയ മേഖലയിലാണ് സ്വദേശിവത്കരണത്തിന് നിർദേശിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശി തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കുകയാണ് പുതിയ നിയമം വഴി ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലന്വേഷകർ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാവുന്നതാണ് നിർദേശമെന്നാണ് വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.