ഇൻഡസ്ട്രിയൽ ഏരിയ സെന്റർ ഒമ്പതു മുതൽ
text_fieldsദോഹ: ഖത്തറിലെ ബൂസ്റ്റർ ഡോസ് വാക്സിനേഷന് അതിവേഗം പകരുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഇൻഡസ്ട്രിയൽ ഏരിയയിലെ കേന്ദ്രം ജനുവരി ഒമ്പതിന് പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് അർഹരായ എല്ലാവർക്കും നൽകുന്നതിന്റെ ഭാഗമായാണ് ഇൻഡസ്ട്രിയൽ ഏരിയയിലെ വിശലമായ സെന്റർ ആരംഭിക്കുന്നത്. ബുഖർനിൽ കേന്ദ്രം ഞായറാഴ്ച തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് സെന്റർ ആരംഭിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിച്ച അതേ വാക്സിനേഷൻ സെന്റർ മാതൃകയിലായിരിക്കും പുതിയ കേന്ദ്രവും പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു. നേരത്തേ ഇവിടെ 16 ലക്ഷം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ പറയുന്നു. അപ്പോയന്റ്മെന്റ് അടിസ്ഥാനത്തിലായിരിക്കും കുത്തിവെപ്പ് നൽകുന്നത്. ബുക്ക് ചെയ്യാതെ നേരിട്ട് വരുന്നവർക്ക് വാക്സിൻ നൽകില്ലെന്നും അധികൃതർ അറിയിച്ചു. QVC@hamad.qa എന്ന ഇ- മെയിൽ വിലാസം വഴി അപ്പോയന്റ്മെന്റ് നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.