ഖത്തറിന്റെ കോവിഡ് വാക്സിനേഷന് അതിവേഗം പകർന്ന് ഇൻഡസ്ട്രിയൽ ഏരിയ കേന്ദ്രം
text_fieldsദോഹ: ഖത്തറിന്റെ കോവിഡ് വാക്സിനേഷൻ പ്രചാരണത്തിന് അതിവേഗം പകർന്ന് ഇൻഡസ്ട്രിയൽ ഏരിയയിൽ ഞായറാഴ്ച പ്രവർത്തനം ആരംഭിച്ച് പുതിയ കേന്ദ്രം. ബു ഖർനിൽ വിശാലമായ സജ്ജീകരണങ്ങളോടെ ആരംഭിച്ച ഖത്തർ വാക്സിനേഷൻ സെന്റർ വഴി കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരത്തിലേറെ പേർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകി. വ്യവസായിക മേഖലയിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കും ജീവനക്കാർക്കും വാക്സിൻ ബൂസ്റ്റർ ഡോസുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിൽ പ്രത്യേക കേന്ദ്രം ആരംഭിച്ചത്. ഖത്തർ വാക്സിനേഷൻ കാമ്പയിന് പുതിയ കേന്ദ്രം പൂർണമായി പ്രവർത്തനസജ്ജമാവുന്നതോടെ അതിവേഗം കൈവരുമെന്നും ആദ്യദിനത്തിൽ 10,000ലേറെ പേർക്ക് ഇവിടെ വെച്ച് വാക്സിൻ നൽകിയതായും ഖത്തർ വാക്സിനേഷൻ ലീഡറും ഹമദ് മെഡിക്കൽ കോർപറേഷൻ എമർജൻസി മെഡിസിൻ സീനിയർ കൺസൽട്ടന്റുമായ ഡോ. ഖാലിദ് അബ്ദുല നൂർ പറഞ്ഞു.
ഇൻഡസ്ട്രിയൽ ഏരിയ സെന്റർ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്തെ വാക്സിനേഷനും വേഗം കൂടി. ചൊവ്വാഴ്ചയിലെ റിപ്പോർട്ട് പ്രകാരം 20,460 ഡോസും തിങ്കളാഴ്ച 17,583 ഡോസുമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങൾ വഴി കുത്തിവെച്ചത്. ഘട്ടംഘട്ടമായി പ്രവർത്തനം മെച്ചപ്പെടുത്തുന്ന സെന്റർ അധികം വൈകാതെ പ്രതിദിന വാക്സിനേഷൻ 30,000 ഡോസിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ച ആറുമാസം പിന്നിട്ടവർക്കാണ് നിലവിൽ ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നത്. ആരോഗ്യ മന്ത്രാലയത്തിനും എച്ച്.എം.സിക്കും കീഴിൽ ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കോകോഫിലിപ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ബു ഖർനിലെ സെന്റർ ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചത്.
നേരത്തെ അപ്പോയിൻമെന്റ് ബുക്ക് ചെയ്തവർക്കാണ് വാക്സിനുകൾ നൽകുന്നത്. കമ്പനികൾക്ക് QVChamad.qa എന്ന ഇ– മെയിൽ വിലാസം വഴിയും തങ്ങളുടെ തൊഴിലാളികളുടെ വാക്സിനേഷനായി ബുക്ക് ചെയ്യാവുന്നതാണ്. അർഹരായ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസിനൊപ്പം നേരത്തെ ഒന്നും രണ്ടും വാക്സിൻ സ്വീകരിക്കാത്തവർക്കും സെന്റർ വഴി വാക്സിൻ ലഭ്യമാവുമെന്ന് ഡോ. അബ്ദുൽ നൂർ അറിയിച്ചു. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ദിവസവും രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തന സമയം. 400 മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ 500ഓളം ജീവനക്കാരുടെ സേവനം ലഭ്യമാണ്. 280 ഓളം കുത്തിവെപ്പ് പോയന്റുകൾ ഒരേ സമയം പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.