വികസനവഴിയിൽ ഇൻഡസ്ട്രിയൽ ഏരിയ: സ്ട്രീറ്റ് 33 ഇനി എക്സ്പ്രസ് വേ ആകും
text_fieldsദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 ഇനി എക്സ്പ്രസ് വേക്കായി വഴിമാറും. സ്ട്രീറ്റ് 33നെ എക്സ്പ്രസ് വേ ആക്കി ഉയർത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ കഴിഞ്ഞദിവസം തുടക്കംകുറിച്ചു. ഈസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിൽ 33 ഈസ്റ്റ് ഇൻറർചെയ്ഞ്ചിൽനിന്ന് വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലേക്കുള്ള അഞ്ചു കിലോമീറ്റർ ഭാഗമാണ് ഗതാഗതം സുഗമമാക്കുന്നതിെൻറ ഭാഗമായി എക്സ്പ്രസ് വേ ആയി ഉയർത്തുന്നത്.
ഇരുഭാഗത്തേക്കും മൂന്നുവരിപ്പാതയിൽനിന്നും നാലുവരിപ്പാതയാക്കുന്നതോടെ മണിക്കൂറിൽ 16,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ റോഡിനാകുമെന്ന് അശ്ഗാൽ അറിയിച്ചു. ഇതോടൊപ്പം അൽ കസ്സാറത് സ്ട്രീറ്റ്, വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റ് എന്നിവിടങ്ങളിലായി രണ്ടു നിലകളുള്ള രണ്ടു പുതിയ ഇൻറർചെയ്ഞ്ചുകളും നിർമിക്കുന്നുണ്ട്. 2022ൽ നിർമാണം പൂർത്തിയാകുന്നതോടെ ഇൻഡസ്ട്രിയൽ ഏരിയയുടെ മധ്യത്തിലുള്ള ഹൈവേ മേഖലയിലെ ഗതാഗത രംഗത്ത് വലിയ പുരോഗതിക്ക് വഴിയൊരുക്കും. പ്രാദേശിക റോഡുകളിലെത്താതെതന്നെ ലക്ഷ്യസ്ഥാനത്ത് വളരെ വേഗത്തിലെത്താനും പാത സഹായിക്കും.
ഇൻഡസ്ട്രിയൽ ഏരിയ റോഡുമായി ബന്ധിപ്പിച്ചുള്ള സ്ട്രീറ്റ് 33 ദോഹയിൽനിന്ന് ഇൻഡസ്ട്രിയൽ ഏരിയയിലേക്കും ഈസ്റ്റ്-വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റുകൾ, അൽ കസ്സാറത് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കും സൽവാ റോഡ്, ജി റിങ് റോഡ് എന്നിവയിലേക്കും വളരെ വേഗത്തിൽ എത്താനുള്ള പാതയായി മാറും. രണ്ട് റൗണ്ട് എബൗട്ടുകൾ ഇൻറർചെയ്ഞ്ചുകളാക്കി ഉയർത്തുന്നതോടെ ദോഹയിൽനിന്ന് അൽ കസ്സാറത് സ്ട്രീറ്റിലേക്കും തിരിച്ചുമുള്ള ഗതാഗതം എളുപ്പത്തിലാകും. കൂടാതെ, സമീപപ്രദേശത്തെ വ്യവസായശാലകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കുമുള്ള ഗതാഗതവും ഇതോടെ സുഗമമാകും. വെസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയയിലെ റൗണ്ട് എബൗട്ടിന് പകരം ഇൻറർചെയ്ഞ്ച് വരുന്നതോടെ ദോഹ, സൽവാ റോഡിലെ ബുസിദ്റ ഇൻറർചെയ്ഞ്ച്, എഫ് റിങ് റോഡിലെ അബു സില്ല ഇൻറർചെയ്്ഞ്ച് എന്നിവിടങ്ങളിൽനിന്ന് വെസ്റ്റ് ഇൻഡസ് ട്രിയൽ ഏരിയയിലേക്ക് പുതിയ പാതയിലൂടെയുള്ള ഗതാഗതം എളുപ്പമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.