ഖത്തറിന് നന്ദിപറഞ്ഞ് ഇൻഫൻറിനോ
text_fieldsദോഹ: തിങ്കളാഴ്ച രാത്രിയിൽ സൂറിച്ചിൽ നടന്ന ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങിൽ ഖത്തറിനെ വാഴ്ത്തിയും നന്ദി പറഞ്ഞും ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫൻറിനോ.
കഴിഞ്ഞ സീസണിലെ ലോക ഫുട്ബാളർ പുരസ്കാര ചടങ്ങിൽ ഖത്തർ ലോകകപ്പ് നിറഞ്ഞുനിന്നപ്പോൾ ഏറ്റവും മികച്ച സംഘാടനത്തിനും കാൽപന്തു പ്രേമികളുടെ മനംനിറഞ്ഞ ടൂർണമെന്റ് സംഘടിപ്പിച്ചതിനും ഇൻഫൻറിനോ ലോക ഫുട്ബാൾ ആരാധകർക്കുവേണ്ടി ഖത്തറിന് നന്ദിയും അഭിനന്ദനവും ചൊരിഞ്ഞു. ഫിഫ ബെസ്റ്റ് 2023 ചടങ്ങിന്റെ ഉദ്ഘാടന പ്രഭാഷണത്തിലായിരുന്നു ഇൻഫൻറിനോ ഖത്തറിനെ മുക്തകണ്ഠം പ്രശംസിച്ചത്.
‘ഈ അവസരം ഖത്തറിന് നന്ദിപറയാൻ ഉപയോഗിക്കുകയാണ്. ഏറ്റവും മികച്ചതും മനോഹരവുമായ ലോകകപ്പിനാണ് ഖത്തർ വേദിയൊരുക്കിയത്. ലോകം ഒന്നിച്ച ഫുട്ബാൾ മഹാമേള അവർ ഏറ്റവും അവസ്മരണീയമാക്കി.
എല്ലാവർക്കും ഓർമയിൽ തങ്ങുന്നതായിരുന്നു ഡിസംബറിൽ സമാപിച്ച ലോകകപ്പ്. കളിക്കാർ, ആരാധകർ, എല്ലാത്തിലും ഉപരി ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ എന്നിങ്ങനെ എല്ലാം ഗംഭീരമായി. ഫൈനലിൽ മാറ്റുരച്ച അർജൻറീനയും ഫ്രാൻസും അവസാന നിമിഷം വരെ ഉദ്വേഗം തീർത്ത് കളിയും മനോഹരമാക്കി’ -ഇഫൻറിനോ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾതാരത്തെ പ്രഖ്യാപിച്ച വേദിയിൽ തിളങ്ങിയതും ഖത്തറായിരുന്നു.
ലോകകപ്പിലെ മികച്ച പ്രകടനങ്ങളുമായി ടീമിനെ കിരീടത്തിലേക്ക് നയിച്ച അർജന്റീന താരങ്ങൾ ബെസ്റ്റ് പുരസ്കാരങ്ങൾ വാരിക്കൂട്ടി. ലയണൽ മെസ്സി മികച്ച താരവും ലയണൽ സ്കലോണി മികച്ച പരിശീലകനും എമിലിയാനോ മാർടിനസ് മികച്ച ഗോൾകീപ്പറുമായി ബെസ്റ്റ് പുരസ്കാരങ്ങൾ വാരിക്കൂട്ടിയപ്പോൾ തിളങ്ങിയത് ലോകകപ്പ് വേദിയായ ഖത്തർ കൂടിയായിരുന്നു.
ലോകകപ്പ് വേളയിലുടനീളം ഖത്തറിലെ ഗാലറികളിലും ആഘോഷ വേദികളിലും നിറഞ്ഞുനിന്ന അർജന്റീന ആരാധകക്കൂട്ടം ഫിഫ ബെസ്റ്റ് ഫാൻ പുരസ്കാരവും നേടി. സൂഖ് വാഖിഫ്, ദോഹ കോർണിഷ്, ലുസൈൽ ബൊളെവാഡ്, ദോഹ മെട്രോ സ്റ്റേഷൻ തുടങ്ങിയ പ്രധാന ആഘോഷ വേദികളിലെല്ലാം ആരവങ്ങൾക്ക് നേതൃത്വം നൽകിയ അർജന്റീന ഫാൻസ് കൈയടി നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.