തെക്കന്‍ ഭാഗത്തെ അടിസ്ഥാന സൗകര്യ വികസനം പാക്കേജ് 9 പദ്ധതിയുമായി അശ്ഗാൽ
text_fieldsദോഹ: തെക്കന്‍ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ നടപ്പാക്കാൻ പാക്കേജ് 9 പദ്ധതിയുമായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍. സൗത്ത് അല്‍ മെഷാഫിലെ റോഡുകളും അടിസ്ഥാന സൗകര്യ വികസനവുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പദ്ധതിയിലെ എട്ടാമത്തെ പാക്കേജ് ജനുവരിയില്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം ഈയിടെ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒമ്പതും പ്രഖ്യാപിച്ചത്.
ഗതാഗതപ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതിനായി 23 കി.മീ നീളമുള്ള അകെത്ത തെരുവുകളുടെ ശൃംഖലയും ഒമ്പതര കി.മി നടപ്പാതയും സൈക്കിള്‍ ട്രാക്കും റോഡ് സുരക്ഷ അടയാളങ്ങളും തെരുവുവിളക്കുകളും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഭാവിയില്‍ താമസക്കാരുടെ ആവശ്യങ്ങള്‍ക്കും നഗരവികസനത്തിനുംകൂടി ലക്ഷ്യമിട്ടുള്ള തരത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
ദോഹയുടെ തെക്കു ഭാഗത്തായും തെക്കുപടിഞ്ഞാറന്‍ അല്‍ വക്റയിലുമായാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുക. തെക്ക് റികയ സ്ട്രീറ്റ് വരെയും വടക്ക് അല്‍ വുഖൈര്‍ റോഡും ദോഹ എക്സ്പ്രസ് വേയുടെ തെക്കന്‍ ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതിയുടെ അതിര്‍ത്തി. മൂന്ന് മേഖലകളിലായി നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ 2023 നാലാം പാദത്തോടെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് തയാറാക്കിയത്.
23.5 കി.മി നീളത്തില്‍ മലിനജല ശൃംഖല, 56 കി.മി ഉപരിതല ഭൂഗര്‍ഭജല ഡ്രെയിനേജ് ശൃംഖല, ഒമ്പതര കി.മീ സംസ്ക്കരിച്ച മലിനജല ശൃംഖല, ഒമ്പത് കി.മീ നീളമുള്ള കുടിവെള്ള ശൃംഖല തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടും.
അൽ വുകൈർ സൗത്തിലെ ന്യൂ സിറ്റിസൺസ് സബ് ഡിവിഷനുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി 3000 സബ് ഡിവിഷനുകളിലേക്കുള്ള സേവനങ്ങൾ അടുത്തിടെ അശ്ഗാൽ പൂർത്തിയാക്കിയിരുന്നു.
മുഐദർ അൽ വുകൈർ എന്നറിയപ്പെടുന്ന വുകൈർ സൗത്ത് സബ് ഡിവിഷനുകളിലേക്കുള്ള റോഡ്, അടിസ്ഥാന സൗകര്യവികസന പദ്ധതി വക്റ മുനിസിപ്പാലിറ്റിക്ക് കീഴിലെ അശ്ഗാലിെൻറ പ്രധാന പദ്ധതിയാണ്. മേഖലയിലെ വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്താണ് പുതിയ പദ്ധതികൾ നടപ്പാക്കിയത്.
റെസിഡൻഷ്യൽ പ്ലോട്ടുകൾക്ക് സമീപത്തായി 1338 ഹെക്ടറിലാണ് അശ്ഗാൽ പദ്ധതികൾ പൂർത്തിയായത്. 16 സ്കൂളുകൾ, 32 പള്ളികൾ, 17 വാണിജ്യ കേന്ദ്രങ്ങൾ എന്നിവക്ക് പുതിയ പദ്ധതി ഏറെ പ്രയോജനപ്പെടും. 221 കിലോമീറ്റർ നീളത്തിൽ ഉന്നത നിലവാരത്തിലുള്ളതും സുരക്ഷിതവുമായ റോഡ് നിർമാണം, 100 കി.മി ദൈർഘ്യം വരുന്ന സീവേജ് ശൃംഖല, 114 കിലോമീറ്റർ മഴവെള്ളം ഒഴുകുന്നതിനുള്ള ചാലുകൾ, 123 കി.മീറ്ററിെൻറ കുടിവെള്ള വിതരണ ശൃംഖല, വൈദ്യുതി വിതരണം, തെരുവ് വിളക്കുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് ഇവിടെ പൂർത്തിയാക്കിയത്.
മേഖലയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി രണ്ട് പ്രധാന റോഡുകളുടെ നിർമാണവും ഇതിലുൾപ്പെടും. ഈ റോഡുകൾ ന്യൂ അൽ വക്റ റോഡ്, അൽ വുകൈർ മെയിൻ റോഡ് എന്നിവയുമായാണ് ബന്ധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.