പ്രവാചക നിന്ദ: ബി.ജെ.പിയുടെ കത്ത് വിതരണം ചെയ്ത മസ്കത്ത് ഇന്ത്യൻ എംബസി വിവാദത്തിൽ
text_fieldsമസ്കത്ത്: ഇന്ത്യയിലെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഔദ്യോഗിക വിശദീകരണ കത്ത് വിതരണം ചെയ്ത മസ്കത്ത് ഇന്ത്യൻ എംബസി വിവാദത്തിൽ. ബി.ജെ.പി ദേശിയ ജനറൽ സെക്രട്ടറി അരുൺ സിങ് നൽകിയ കത്ത് ഇന്ത്യൻ എംബസി കമ്യുണിക്കേഷൻ സെക്രട്ടറി ജൂൺ അഞ്ചിനാണ് ഇ-മെയിലിലൂടെയും മറ്റും മാധ്യമങ്ങൾക്ക് കൈമാറിയത്.
പ്രവാചക നിന്ദയിൽ ഇന്ത്യ നടപടിയെടുത്തിട്ടുണ്ടുണ്ടെന്ന് അറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കത്ത് നൽകിയത്. എന്നാൽ, രാജ്യത്തിന്‍റെ ഔദ്യോഗിക വിശദീകരണമെന്ന നിലയിൽ ബി.ജെ.പിയുടെ കത്ത് കൈമാറിയ എംബസിയുടെ നടപടിക്കെതിരെ ശശി തരൂർ എം.പി. അടക്കമുള്ളവർ പ്രതിഷേധവുമായെത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാരും രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള വ്യത്യാസം എംബസി ഉദ്യോഗസ്ഥർ മറന്നുവെന്ന് ശശി തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സംഭവുമായി ബന്ധപ്പെട്ട് എംബസിയുടെ ഭാഗത്ത്നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല.
അതേസമയം, പ്രവാചക നിന്ദക്കെതിരെയുള്ള ഒമാന്‍റെ പ്രതിഷേധം കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡറെ അധികൃതർ അറിയിച്ചിരുന്നു. ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിൻ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധമറിയിച്ചത്. സംഭവത്തിൽ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് അൽ ഖലീലിയും രംഗത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.