പ്രവാസി സുരക്ഷക്കായി ഇൻഷുറന്‍സ് പോളിസി
text_fieldsദോഹ: ഗുരുതരമായ രോഗങ്ങൾ പിടിപെട്ടാൽ ചികിത്സക്കുള്ള ചെലവ് പല പ്രവാസികൾക്കും താങ്ങാൻ കഴിയുന്നതല്ല. തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുന്ന പ്രവാസികൾക്ക് കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള പ്രാരാബ്ധങ്ങൾക്കൊപ്പം ചികിത്സച്ചെലവ് കൂടി വന്നാൽ ജീവിതം വഴിമുട്ടും. കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ പ്രവാസികളുടെ ദുരിതങ്ങളും ഇരട്ടിയായി.
ചികിത്സക്കായുള്ള പ്രവാസികളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ് രംഗത്തെത്തിയത്. നിരവധി പേർ ഈ പദ്ധതിയുടെ ആനുകൂല്യം ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. എന്നാൽ, ഈ പോളിസിയെക്കുറിച്ച് അറിയാത്ത ഒട്ടേറെ പേർ ഇപ്പോഴുമുണ്ട്.
കുറഞ്ഞനിരക്കിൽ ആരോഗ്യപരിരക്ഷ
പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പോളിസി സര്‍ക്കാര്‍ ആരംഭിച്ചത്. 18നും 60നും മധ്യേ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്കും പദ്ധതിയിൽ ചേരാം. 13 ഗുരുതര രോഗങ്ങള്‍ക്ക് പ്രതിവര്‍ഷം 550 രൂപനിരക്കില്‍ ഒരു ലക്ഷം രൂപവരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. കൂടാതെ, അപകടം മൂലമുള്ള മരണത്തിന് രണ്ട് ലക്ഷം രൂപയുടെയും സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി ലക്ഷം രൂപയുടെയും പരിരക്ഷ ഈ പോളിസിയിലൂടെ ലഭിക്കും. അപേക്ഷകർ ആറ് മാസത്തിൽ കുറയാത്ത വിസയോ റസിഡൻറ് പെർമിറ്റോ ഉള്ളവരാകണം. പ്രവാസി ഐഡൻറിറ്റി കാർഡ് ഉള്ളവർക്കും പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസിയിൽ അംഗമാകാൻ കഴിയും.
അഞ്ച് പ്രവൃത്തിദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ്നോര്ക്ക റൂട്ട്സ് വെബ്സൈറ്റ് വഴി അനുബന്ധ രേഖകളും ഫീസും സഹിതം അപേക്ഷിച്ചാൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ പോളിസി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവാസിയുടെ വിദേശത്തുള്ള കുടുംബാംഗങ്ങൾക്ക് വേവ്വേറെ അപേക്ഷ സമർപ്പിക്കണം. പോളിസി അനുവദിച്ച തീയതി മുതൽ 30 ദിവസത്തിന് ശേഷം മാത്രമാണ് ക്ലെയിമിനായി അപേക്ഷിക്കാൻ സാധിക്കുക.
ഇൻഷുറൻസ് ക്ലെയിം ഫോം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ക്ലെയിം ഫോമും അതോടൊപ്പം നൽകേണ്ട സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോമിനോടൊപ്പം പാസ്പോർട്ടിെൻറ ഫ്രണ്ട് പേജ്, അഡ്രസ് പേജ്, വിസ, റസിഡൻറ് പെർമിറ്റ്, ഇഖാമ എന്നിവയുടെ കോപ്പിയും ഫോട്ടോയും ഹാജരാക്കണം. ഇന്ത്യയിലും വിദേശത്തുമുള്ള സ്പെഷലിസ്റ്റ് രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതാണ്. രോഗനിർണയത്തിനുശേഷം 30 ദിവസത്തിനുള്ളിൽ ക്ലെയിമിനുള്ള അപേക്ഷ സമർപ്പിക്കണം. പ്രവാസിയുടെ നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് പോളിസിയുടെ ആനുകൂല്യം ലഭിക്കില്ല.ക്ലെയിം തുക ഇൻഷുറൻസ് കമ്പനി നോർക്ക റൂട്ട്സിന് കൈമാറുകയാണ് ചെയ്യുക. നോർക്ക റൂട്ട്സ് ഈ തുക അപേക്ഷകെൻറ അക്കൗണ്ടിലേക്ക് നൽകും.
പോളിസി ഇഷ്യു ചെയ്യുന്നതിന് മുമ്പ് 48 മാസത്തിനുള്ളിൽ ഏതെങ്കിലും രോഗലക്ഷണങ്ങളോ രോഗമോ കണ്ടെത്തുകയോ ചികിത്സ തേടുകയോ ചെയ്താൽ അവ പ്രീ എക്സിസ്റ്റിങ് ഇൽനെസ് എന്ന് കരുതപ്പെടുന്നു. ഇത്തരം രോഗങ്ങൾക്ക് 48 മാസം (നാല് വർഷം) തുടർച്ചയായി പോളിസി കവറേജ് കഴിയുന്നതുവരെ പരിരക്ഷ ലഭിക്കുകയില്ല.
കാലാവധി ഒരുവർഷം
പ്രവാസിരക്ഷാ ഇൻഷുറന്‍സ് പോളിസി കാലാവധി ഒരു വർഷമാണ്. കാലാവധി തീരുന്നതിന് 30 ദിവസം മുമ്പ് പോളിസി പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പോളിസി രേഖകൾ നഷ്ടപ്പെട്ടാൽ നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പോളിസി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് സേവനദാതാക്കള്‍. നോര്‍ക്ക റൂട്ട്സിെൻറ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വിസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍നിന്ന് ഈ പദ്ധതിയിലേക്ക് അപേക്ഷയും ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കാം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.