ഇന്ന് മുതൽ വായനോത്സവം....
text_fieldsദോഹ: അറബ് ലോകത്തെ ശ്രദ്ധേയമായ ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് തിങ്കളാഴ്ച തുടക്കമാവും. ജൂൺ 21 വരെ പത്തു ദിവസം നീണ്ടു നിൽക്കുന്ന പുസ്തക മേളയിൽ മുൻവർഷങ്ങളിലേത് പോലെ പ്രസാധകരുടെയും സന്ദർശകരുടെയും വർധിത പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ദോഹ എക്സിബിഷിൻ ആൻഡ് കൺവെൻഷൻ സെന്ററാണ് ഗൾഫ്, അറബ് ലോകത്തെ പ്രബലമായ പുസ്തകമേളക്ക് വേദിയാകുന്നത്.
പുസ്തക പ്രദർശനത്തിനും വിൽപനക്കും പുറമെ, വിവിധ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന സെമിനാറുകൾ, ചർച്ചകൾ, സംഗീത-സാംസ്കാരിക പരിപാടികൾ എന്നിവയും പത്തു ദിവസങ്ങളിലായി അരങ്ങേറും. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ നടത്തപ്പെടുന്ന പുസ്തകമേള ‘വായനയിലൂടെ നമ്മൾ വളരുന്നു’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ, വിദഗ്ധർ, ശാസ്ത്രകാരന്മാർ എന്നിവരും പങ്കെടുക്കും. ഖത്തറിൽ നിന്നുള്ള എഴുത്തുകാരുടെയും ചിന്തകരുടെയും വലിയൊരു നിര തന്നെ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്.
ഖത്തരി ജനതയുടെ വായന പ്രിയവും, അറിവ് നേടാനുള്ള താൽപര്യവും കണക്കിലെടുത്താണ് ഇത്തവണത്തെ മേളയുടെ പ്രമേയം തെരഞ്ഞെടുത്തതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ശാസ്ത്ര, സാഹിത്യ, ബൗദ്ധിക വിഷയങ്ങളിൽ നിരവധി ഖത്തരി എഴുത്തുകാരാണ് അറബ് വായനാ ലോകത്ത് ശ്രദ്ധേയരായത്. അത് കൂടി പരിഗണിച്ചാണ് പ്രമേയം.
35ൽ ഏറെ രാജ്യങ്ങളിൽ നിന്നായി 430ഓളം പ്രസാധകരും 90 ഏജൻസികളും പ്രദർശനത്തിൽ പങ്കെടുക്കും. 1972ൽ ആരംഭിച്ച ദോഹ പുസ്തക മേള മേഖലയിലെ തന്നെ ആദ്യത്തെ പുസ്തകോത്സവമായിരുന്നു. രണ്ടുവർഷത്തിൽ ഒരിക്കലായി തുടങ്ങിയ മേള, 2002 മുതൽ എല്ലാവർഷത്തിലെയും കലണ്ടർ ഇവന്റായി മാറി. സൗദി, യു.എ.ഇ, ഒമാൻ, കുവൈത്ത് ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും അറബ് ലോകത്തു നിന്നും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെയും പ്രാസധകരുടെ വിപുലമായ പങ്കാളിത്തമുണ്ട്.
സാംസ്കാരിക പ്രദർശനവുമായി ഖത്തർ മ്യൂസിയം
ദോഹ അന്താരാഷ്ട്ര പുസ്തക മേളയിൽ വൈവിധ്യമാർന്ന പ്രദർശനത്തോടെയാണ് ഖത്തർ മ്യൂസിയംസ് പങ്കാളിയാവുന്നത്. ചരിത്രവും, സംസ്കാരവുമെല്ലാം ഒത്തുചേരുന്ന വിപുലമായ പുസ്തകങ്ങളുടെയും കാറ്റ്ലോഗുകളുടെയും ശേഖരം ഖത്തർ മ്യൂസിയംസ് കൗണ്ടറിൽ ഒരുക്കും.
ചരിത്രം, പുരാവസ്തു ചരിത്രം, ആർകിടെക്ചർ, ഓറിയന്റലിസം, മോഡേൺ ആൻഡ് ഇസ്ലാമിക് ആർട്സ്, സ്പോർട്സ്, ബാലസാഹിത്യം എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഖത്തർ മ്യൂസിയംസിന്റെ ബൂത്ത്. മ്യൂസിയം പബ്ലിക്കേഷനു കീഴിൽ പുറത്തിറക്കിയ വിവിധ പഠന ഗ്രന്ഥങ്ങളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്: ദി കളക്ഷൻ, ദി ഗൈഡ്, ഓൺ ദി മൂവ്, ബഗ്ദാദ്; ഐ ഡിലൈറ്റ് തുടങ്ങി പുതിയ പുസ്തകങ്ങളും ലഭ്യമാവും. പുസ്തക പ്രകാശനങ്ങൾ, ചർച്ച, ശിൽപശാല എന്നിവയും ഖത്തർ മ്യൂസിയം പബ്ലിക്കേഷൻ സംഘടിപ്പിക്കുന്നു.
പുസ്തകശേഖരവുമായി എച്ച്.ബി.കെ.യു
ദോഹ അന്താരാഷ്ട്ര പുസ്തക മേളയിലെ ഏറ്റവും വലിയ സാന്നിധ്യമാവുന്നത് ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി പ്രസ് ആയിരിക്കും. കനപ്പെട്ട ഉള്ളടക്കങ്ങളോടുകൂടിയ പുസ്തകങ്ങൾ മുതൽ ബാലസാഹിത്യം വരെ എച്ച്.ബി.കെ.യു പ്രസ് ദോഹ ബുക്ഫെയറിൽ അവതരിപ്പിക്കും.
മേഖലയിലെ തന്നെ പ്രശസ്തമായ അറബിക് പുസ്തക പ്രസാധനാലയമാണ് ഖലീഫ യൂനിവേഴ്സിറ്റി പ്രസ്. പുസ്തകങ്ങൾക്കു പുറമെ, എച്ച്.ബി.കെയുവിനു കീഴിൽ ഒരു പിടി എഴുത്തുകാരും ഭാഗമാകും. ഒപ്പോടുകൂടിയ പുസ്തകങ്ങൾ സ്വന്തമാക്കാനും വായനക്കാർക്ക് അവസരമുണ്ടെന്ന് എച്ച്.ബി.കെ.യു പ്രസ് എക്സിക്യൂട്ടിവ് ഡയറക്ടർ ബഷാർ ചെബാറോ പറഞ്ഞു. അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രധാനമായും പുസ്തകങ്ങൾ പുറത്തിറക്കുന്നത്.
ഖത്തരി എഴുത്തുകാരുടെ നോവൽ, കവിതകൾ ഉൾെപ്പടെ സാഹിത്യ രചനകൾ, വിവിധ ലോകഭാഷകളിൽനിന്നുള്ള അറബി വിവർത്തന ഗ്രന്ഥങ്ങൾ, യാത്രാ വിവരണങ്ങൾ, പഠന-ഗവേഷണ ഗ്രന്ഥങ്ങൾ എന്നിവ ഉൾെപ്പടെ കൃതികളുടെ വലിയ ശേഖരം പ്രദർശനത്തിൽ ഒരുക്കും. ഖത്തരി ഇംഗ്ലീഷ് നോവലിസ്റ്റായ ഖുമാം അൽ മഅദീദിന്റെ പുതിയ രചനകൾ ദോഹ ബുക്ഫെയറിലൂടെ വെളിച്ചം കാണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.