കുടുംബ മൂല്യങ്ങൾ പകർന്ന അന്താരാഷ്ട്ര സമ്മേളനം
text_fieldsദോഹ: സമൂഹ പുരോഗതിയിൽ സുരക്ഷിതമായ കുടുംബ ജീവിതത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തി ദോഹ ഇന്റർനാഷനൽ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡി.ഐ.എഫ്.ഐ) നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കുടുംബ വാർഷിക സമ്മേളനം. രണ്ടു ദിവസങ്ങളിലായി ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്ര നേതാക്കൾ ഉൾപ്പെടെ അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുത്തു.
ഖത്തർ ഫൗണ്ടേഷൻ ചെതർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ ആണ് വ്യാഴാഴ്ച സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കുടുംബവും സമകാലിക പ്രവണതകളും എന്ന പ്രമേയത്തിൽ വിവിധ വിഷയങ്ങളിലൂന്നിയാണ് ചിന്തകർ, ആരോഗ്യ -മാനസിക വിദഗ്ധർ, എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, മതപണ്ഡിതർ ഉൾപ്പെടെ പ്രമുഖർ അണിനിരന്ന സമ്മേളനം നടന്നത്. അന്താരാഷ്ട്ര കുടുംബ വർഷത്തിന്റെ 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഡി.ഐ.എഫ്.ഐ നേതൃത്വത്തിൽ ദ്വിദിന സമ്മേളനം.
ആധുനിക സാങ്കേതിക വിദ്യകളുടെ വളർച്ചയും അവയുടെ സ്വാധീനയും കുടുംബങ്ങളിൽ തീർക്കുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടന പ്രഭാഷണത്തിൽ ശൈഖ മൗസ സദസ്സുമായി സംവദിച്ചത്.
കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എല്ലാ സമൂഹങ്ങളിലും സമാനമാണെന്ന് വ്യക്തമാക്കി അവർ, എന്നാൽ രാജ്യത്തിനും മേഖലകൾക്കുമനുസരിച്ച് വ്യത്യസ്തപ്പെടുന്നുവെന്നേയുള്ളൂ എന്ന് വ്യക്തമാക്കി. ഡിജിറ്റൽ സാങ്കേതിക വിദ്യകളും വെർച്വൽലോകവും സൃഷ്ടിക്കുന്ന അതിരുകളിൽ സമൂഹം കീഴടങ്ങുകയാണ്.
കഠിനമായ ആ വലയത്തിനുള്ളിൽ രക്ഷപ്പെടാനും കഴിയുന്നില്ല. ഈ അന്യവത്കരണം അപകടകരമാണ്, പ്രത്യേകിച്ച് യുവതലമുറയെ അവരുടെ സംസ്കാരത്തിൽ നിന്നും ഭാഷയിൽ നിന്നും അകറ്റിനിർത്തിയേക്കാം -ശൈഖ മൗസ പറഞ്ഞു.
കുടുംബവുമായി ബന്ധപ്പെട്ട ശ്രദ്ധേയ വിഷയങ്ങളിലാണ് രണ്ടു ദിവസങ്ങളിൽ ചർച്ചകൾ നടന്നത്. കൊസോവ പ്രസിഡന്റ് ഡോ. വോസ ഉസ്മാനി സദിറു, സാൻസിബാർ പ്രസിഡന്റ് ഡോ. ഹുകൈൻ വിൻയി, യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ മുഹമ്മദ്, ഗയാന പ്രഥമ വനിത ഷനാസ് ഇബ്രാഹിം തുടങ്ങിയവർ അതിഥികളായെത്തി.
ഖത്തർ സാമൂഹിക വികസന, കുടുംബകാര്യമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് സംസാരിച്ചു. കുടുംബ നയം, രക്ഷിതാക്കൾക്കുള്ള സെഷനുകൾ, വന്ധ്യത-പ്രത്യുൽപാദന വെല്ലുവിളികൾ, ഖത്തറിലെ പ്രവാസി കുടുംബങ്ങൾ, ഫാമിലി ആൻഡ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളില ശ്രദ്ധേയ സെഷനുകൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.