ഇന്റർനാഷനൽ ഫാൽക്കൺസ് ഫെസ്റ്റിവൽ ഇന്നുമുതൽ
text_fieldsദോഹ: പതിനാലാമത് ഖത്തർ ഇന്റർനാഷനൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. സീലൈനിലെ സബീഖത് മർമിയിൽ നടക്കുന്ന ഫെസ്റ്റിവൽ 28 വരെ നീളും. മേഖലയിലെ ഏറ്റവും വലിയ ഫാൽക്കൺ ഫെസ്റ്റിവലാണിത്. വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഫാൽക്കണിന്റെ വേഗം അളക്കുന്ന അൽ ദൗ മത്സരം, യുവ ഫാൽക്കണറെ തെരഞ്ഞെടുക്കുന്ന പ്രോമിസിങ് ഫാൽക്കണർ ആൻഡ് യങ് ഫാൽക്കണർ മത്സരം എന്നിവയടക്കം ഫെസ്റ്റിവലിൽ അരങ്ങേറും. 11 മുതൽ 15 വയസ്സുവരെയുള്ളവരിൽനിന്നാണ് പ്രോമിസിങ് ഫാൽക്കണറെ തിരഞ്ഞെടുക്കുക. ഫാൽക്കണുകളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നതുകൂടി പരിഗണിച്ചാവും യുവ ഫാൽക്കണറെ നിർണയിക്കുന്നത്.
ജിർകിൻ ഫാൽകണുകൾ ഒഴിച്ച് മത്സരത്തിനെത്തുന്ന മറ്റു ഫാൽക്കണുകൾക്ക് കുറഞ്ഞത് 15 ഇഞ്ച് നീളം വേണം. ഏതു വർഗത്തിൽപെട്ട ഫാൽക്കണുകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ഏറ്റവും ഭംഗിയുള്ള ഫാൽക്കണിനെ തിരഞ്ഞെടുക്കുന്ന അൽ മസൈൻ എന്ന രാജ്യാന്തര മത്സരം ജനുവരി 28ന് കതാറയിലാണ് നടക്കുക. നായാട്ടിന് ഉപയോഗിക്കുന്ന അറേബ്യൻ സലൂകി നായ്ക്കളുടെ ഓട്ടമത്സരം ഫെസ്റ്റിവലിലെ ഒരിനമാണ്. ഭൂമിയിലെ ഏറ്റവും വേഗമുള്ള നായ്ക്കളെന്ന വിശേഷണമുണ്ട് സലൂകിക്ക്. മരുഭൂമിയിൽ മണലിൽ അതിവേഗത്തിൽ ഓടാൻ സഹായകമാവുന്ന വിധത്തിലാണ് അവയുടെ കാലുകളും മറ്റും. സലൂകികൾ മാനുകളെ വേട്ടയാടിപ്പിടിക്കുന്നതും ഹണ്ടിങ് ഫെസ്റ്റിവലിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.