അറിയാം ഇന്റർനാഷണൽ മൈഗ്രേഷൻ ഓർഗനൈസേഷൻ
text_fieldsലോകത്ത് കുടിയേറ്റം ഒഴിച്ചുകൂടാനാവാത്തതും ആധുനികകാലത്ത് ഏറിവരുന്നതുമാണ്. നമുക്ക് സാധാരണയായി പരിചിതമായ കുടിയേറ്റം തൊഴിൽ പ്രവാസമാണെങ്കിലും യുദ്ധം, ആഭ്യന്തര കലാപം, പ്രകൃതി ക്ഷോഭം, കാലാവസ്ഥ വ്യതിയാനം മുതലായവയുമായി ബന്ധപ്പെട്ടും പ്രവാസ പ്രയാണം ധ്രുതഗതിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. കുടിയേറ്റക്കാരുടെ മാനുഷിക അവകാശങ്ങൾ സംരക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര വേദിയാണ് ഇന്റർ നാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം). പ്രവാസികളായ നാം ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങൾ അറിഞ്ഞിരിക്കുന്നതും പ്രയോജനപ്പെടുത്തുന്നതും നന്നാവും.
ആരംഭവും പ്രയാണവും
രണ്ടാം ലോക മഹായുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി 1951 ഡിസംബർ ആറിന് തുടക്കം കുറിച്ചു. 2016 ൽ യു.എൻ ഏജൻസിയായി ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയിൽ ഇന്ത്യയടക്കം 175 രാജ്യങ്ങൾ അംഗങ്ങളാണ്. പ്രവാസികൾ കൂടുതൽ ഉള്ളതടക്കം നൂറു രാജ്യങ്ങളിൽ ഐ.ഒ.എം ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്.
ലക്ഷ്യം
ചിട്ടയായും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ രൂപത്തിൽ കുടിയേറ്റത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണത്തോടെ ചിട്ടപ്പെടുത്തുക. പ്രവാസത്തിന്റെ വിവിധ വശങ്ങളിൽ ദേശീയവും അന്തർദേശീയവുമായ പഠനങ്ങൾ നടത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുക, കുടിയേറ്റക്കാർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുക തുടങ്ങിയവയാണ്.
ധാരാളം സൗജന്യ കോഴ്സുകൾ
കുടിയേറ്റത്തിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി പഠിക്കാൻ അവസരമൊരുക്കുന്നുണ്ട് ഐ.ഒ.എം. ഇ ക്യാമ്പസ് വഴി ഒരുക്കുന്ന കോഴ്സുകൾ സൗജന്യവും ഈ രംഗത്തെ ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്നതുമാണ്. വർഷം മുഴുവൻ നടത്തുന്ന ഇത്തരം കോഴ്സുകൾ പ്രവാസരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യും. സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന ഈ കോഴ്സുകളിൽ ധാരാളം പേർ ചേർന്നു പഠിക്കുന്നു.
പ്രവാസി സംഘടനകൾക്ക് ചെയ്യാവുന്നത്
പ്രവാസി സംഘടനകൾ, പ്രത്യേകിച്ച് ഗൾഫിൽ ഏറെ നിസ്തുല പ്രവർത്തനങ്ങൾ ചെയ്യുന്നു. എന്നാൽ, പലപ്പോഴും എവിടെയും രേഖപ്പെടുത്താതെ പോവുകയാണ് ഇത്തരം പ്രവർത്തനങ്ങൾ. തങ്ങളുടെ പ്രവർത്തനങ്ങളെ ഇത്തരം അന്തർദേശീയ വേദികളുടെ ശ്രദ്ധയിൽ കൊണ്ടുവരാവുന്നതും പല പ്രവർത്തനങ്ങളിലും സഹകരിക്കാവുന്നതുമാണ്. കുടിയേറ്റത്തെക്കുറിച്ചുള്ള പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാനും സംഘടനകൾക്കും ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും മാധ്യമങ്ങൾക്കും സാധിക്കും. മാറിവരുന്ന കുടിയേറ്റങ്ങൾക്കനുസൃതമായ നിയമങ്ങൾ ഉണ്ടാക്കാൻ ഇത്തരം നിർദേശങ്ങൾ ഫലപ്രദമാവും. https://www.iom.int/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.