Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജീവനറ്റവർക്ക്...

ജീവനറ്റവർക്ക് കരുതലാവുന്ന മാലാഖമാർ

text_fields
bookmark_border
ജീവനറ്റവർക്ക് കരുതലാവുന്ന മാലാഖമാർ
cancel
camera_alt

ബബിത, റീന തോമസ്, ദിലീപ്, സബിത, ലിബീഷ് സിനിമോൾ

Listen to this Article

ആരുമറിയാതെ, തങ്ങളുടെ നിയോഗം എന്നപോലെ സേവനം ചെയ്യുന്ന ഇവരുടെ കരുതലിനാവട്ടെ ഈ അന്താരാഷ്ട്ര നഴ്സിങ് ദിനത്തിന്റെ ആദരവ്

ദോഹ: ആതുരശുശ്രൂഷയുമായി കരുതലി‍െൻറ കരങ്ങളാവുന്ന നഴ്സുമാരെ മാലാഖമാരെന്നാണ് ലോകം ആദരവോടെ വിളിക്കുന്നത്. മരണത്തി‍െൻറ പടിവാതിലിൽനിന്നും മരുന്നും പരിചരണവുമായി അവർ ഒരുക്കുന്ന വലയത്തിനുള്ളിൽ ജീവൻ പിടിച്ചുനിർത്തി തിരികെയെത്തിക്കുന്നതുകൊണ്ടായിരിക്കും അവർ മാലാഖമാരായി മാറുന്നത്. എന്നാൽ, പ്രവാസമണ്ണിൽ ജീവനറ്റ്പോവുന്ന ശരീരങ്ങൾ കുളിപ്പിച്ച് വൃത്തിയാക്കി നാട്ടിലെ ബന്ധുക്കളുടെ അരികിലെത്തിക്കാനുള്ള ദൗത്യം ഒരു നിയോഗം പോലെ ഏറ്റെടുത്ത ഒരു സംഘം മാലാഖമാരുണ്ട് ഖത്തറിൽ. നഴ്സുമാരായി ജോലിചെയ്യുന്നവർ. അവർക്ക് തങ്ങളുടെ അറിവും, സേവനവും സമൂഹനന്മക്കായി മാറ്റാനുള്ള നിയോഗമാണിത്.

ഔദ്യോഗിക കൃത്യനിർവഹണത്തിന് മുടക്കമില്ലാതെ ഖത്തറി‍െൻറ ഓരോ കോണിലും ജീവനറ്റുപോയ സഹോദരങ്ങളെ ഏറ്റവും സുരക്ഷിതമായി തന്നെ ബന്ധുക്കളിലേക്ക് എത്തിക്കാനുള്ള കർമങ്ങളിൽ ഇവർ സജീവമാവും. മോർച്ചറി ജീവനക്കാരുടെയോ, മരണാനന്തര കർമങ്ങൾ നിർവഹിക്കുന്ന ഏതെങ്കിലും സംഘടനാ പ്രവർത്തകരുടെയോ വിളിയെത്തുമ്പോഴാണ് റീനയും ബബിതയും ഉൾപ്പെടെ കർമനിരതരാവുന്നത്. ചിലപ്പോൾ അവർ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിൽ തങ്ങളുടെ ജോലിയിലായിരിക്കും. അല്ലെങ്കിൽ മണിക്കൂറുകൾ നീണ്ട ജോലിയും കഴിഞ്ഞ് വിശ്രമത്തിലോ, കുടുംബത്തിനൊപ്പമുള്ള ഉല്ലാസവേളയിലോ ആവും. എന്നാൽ, അന്ത്യയാത്രക്കായി തങ്ങളെയും കാത്ത് ഏതെങ്കിലും മൃതദേഹം മോർച്ചറിയുടെ തണുപ്പിൽ കാത്തിരിക്കുന്നതറിഞ്ഞാൽ അവർ ഓടിയെത്തും. ശേഷം, ഒന്നര മണിക്കൂറോളം ആ മൃതദേഹത്തി‍െൻറ വേണ്ടപ്പെട്ടവരായി മാറും. ചിലപ്പോൾ അവരുടെ കൂടപ്പിറപ്പിനെയും മാതാപിതാക്കളെയും ബന്ധുക്കളെയുംപോലെ ഉറ്റവരുമായി മാറും.

അവസാനമായി ഒരുനോക്ക് കാണാൻ നാട്ടിൽ കാത്തിരിക്കുന്ന ബന്ധുക്കളുടെ അരികിലേക്ക് ഏറ്റവും സുന്ദരമായി തന്നെ ജീവനറ്റ ആ ശരീരത്തെ ഒരുക്കയാണ് ഇവർ. ഹമദ് മെഡിക്കൽ കോർപറേഷനു കീഴിൽ വിവിധ കേന്ദ്രങ്ങളിലായി ജോലി ചെയ്യുന്ന നഴ്സുമാരാണ് ഈ മാലാഖമാർ. കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ സഹോദരങ്ങൾ ബബിതയും സബിതയും ഇവർക്ക് മുമ്പേ ഈ മേഖലയിൽ സജീവമായ തിരുവല്ല സ്വദേശി റീന തോമസ്, കോട്ടയം കുമരനല്ലൂർ സ്വദേശി സിനി സോണി, സബിതയുടെ ഭർത്താവ് ദിലീപ് തോമസും സുഹൃത്ത് ലിബിഷും. 2009 മുതൽ തന്നെ റീന തോമസ് ഈ രംഗത്തുണ്ട്.

നേരത്തേ ഖത്തറിൽ ജോലിചെയ്തിരുന്ന നഴ്സായ മേളിപോളിയുടെ സഹായിയായി രംഗത്തുവന്നതായിരുന്നു വിമൻസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന റീനയും. പഠനകാലത്ത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ കുളിപ്പിക്കാനും മറ്റുമായി സിസ്റ്റർമാർക്കൊപ്പം പ്രവർത്തിച്ചതി‍െൻറ അനുഭവ സമ്പത്തുമായാണ് ഖത്തറിലും അവർ ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തി‍െൻറ കൂടി അനുവാദത്തോടെയായിരുന്നു മരണാനന്തര കർമങ്ങളിൽ ഇടപെടുന്നത്. തുടർന്ന് ഒരു യാത്രയിലെ പരിചയത്തിലൂടെയാണ് സഹോദരിമാരായ ബബിതയും സബിതയും, സബിതയുടെ ഭർത്താവും ഖത്തറിൽ ബിസിനസുകാരനുമായ ദിലീപും ഇവർക്കൊപ്പം ചേരുന്നത്. 2014 മുതൽ ഒരു സംഘമായി മൃതദേഹങ്ങൾ കുളിപ്പിക്കാനും എംബാം ചെയ്യാനുമെല്ലാമായി ഇവർ ഓടിയെത്തുന്നുണ്ട്. ഇതിനിടയിൽ കോവിഡ് വന്ന്, മനുഷ്യർ മരിച്ചുവീണപ്പോഴും മാറ്റമൊന്നുമുണ്ടായില്ല. പി.പി.ഇ കിറ്റ് ധരിച്ച് സുരക്ഷാ മുൻകരുതലുകൾ പാലിച്ചുതന്നെ ആത്മാവ് വിട്ടകന്ന ശരീരത്തിന് ഇവർ കരുതലായി.

കുടുംബത്തിന് തണലാവാനായി പ്രവാസം തിരഞ്ഞെടുത്തവർ പാതിവഴിയിൽ ഞെട്ടറ്റുവീണ് മോർച്ചറിയുടെ തണുപ്പിൽ കിടക്കുമ്പോൾ അവരെ മറ്റൊരു യാത്രക്ക് അണിയിച്ചൊരുക്കുകയാണ് ഈ മാലാഖമാർ. മതവും ദേശവുമൊന്നും ചോദിക്കുകയോ അറിയുകയോ ചെയ്യാതെയാണ് സേവനമെന്ന് റീന തോമസ് പറയുന്നു. ഇന്ത്യക്കാർ മുതൽ വിവിധ ഏഷ്യൻ രാജ്യക്കാരും ആഫ്രിക്ക, യൂറോപ്യൻ നാടുകളിലേക്കുള്ള മൃതദേഹങ്ങൾ വരെ ഇവരിലൂടെയാണ് ഉറ്റവരിലെത്തുന്നത്. ഓരോ പ്രാവശ്യവും തങ്ങളുടെ ജോലി പൂർത്തിയാക്കി മോർച്ചറിയിൽ നിന്നിറങ്ങുമ്പോഴും, ഇത്രയും തുച്ഛമായ ജീവിതത്തിനുവേണ്ടിയാണല്ലോ മനുഷ്യ‍െൻറ ഓട്ടമെന്ന തിരിച്ചറിവാണ് തങ്ങൾക്ക് നൽകുന്നതെന്ന് പി.എച്ച്.സി.സിയിൽ ജോലിചെയ്യുന്ന ബബിത പറയുന്നു.

ഓരോ മൃതദേഹവും കുളിപ്പിച്ച് വൃത്തിയാക്കി, ബന്ധുക്കളുടെ അരികിലെത്തിക്കാൻ പാകമാക്കി ഇറങ്ങുമ്പോൾ ഞങ്ങളുടെ മനസ്സും കഴുകി ഒരു പുതിയ മനുഷ്യനായാണ് ഓരോ തവണയും പടിയിറങ്ങുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. നിങ്ങളുടെ സംഘത്തി‍െൻറ ഗ്രൂപ് ഫോട്ടോയുണ്ടോയെന്ന ചോദ്യത്തിന് കഴിഞ്ഞ 10 വർഷത്തിലേറെയായി ഇത്തരമൊരു സേവനം ചെയ്യുന്നുവെങ്കിലും അത് ആരുമായും പങ്കുവെക്കാനോ, ഫോട്ടോയെടുത്ത് സൂക്ഷിക്കാനോ തങ്ങൾക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി. ആരുമറിയാതെ, തങ്ങളുടെ നിയോഗം എന്നപോലെ സേവനം ചെയ്യുന്ന ഇവരുടെ കരുതലിനാവട്ടെ ഈ അന്താരാഷ്ട്ര നഴ്സിങ് ദിനത്തി‍െൻറ ആദരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaInternational Nurses' Day
News Summary - International Nurses' Day
Next Story