ഇന്ന് അന്താരാഷ്ട്ര നഴ്സിങ് ദിനം; തളർന്നുപോയവർക്ക് താങ്ങാവുന്ന ജീവിതം
text_fieldsദോഹ: പിറന്നുവീണത് മുതൽ ആശുപത്രിവാസം അനിവാര്യമായ കുരുന്നുകൾ. മാതാപിതാക്കൾക്ക് താലോലിക്കാൻ കഴിയാത്ത ശാരീരികാവസ്ഥയിൽ ബാല്യകാലം പിന്നിട്ട് കൗമാരത്തിലേക്ക് കടക്കുന്നവർ. വീൽചെയറിലും കൃത്രിമശ്വാസ സംവിധാനങ്ങളുമെല്ലാമായി ജീവിതം താണ്ടുന്നവർ, കളി ചിരികളില്ലാതെ, കൊഞ്ചിക്കുഴയാൻ കഴിയാത്ത കുഞ്ഞുപ്രായക്കാർ... ഇങ്ങനെ ജീവിതം തീരാനൊമ്പരങ്ങളിലായ കുഞ്ഞുങ്ങളോടും വേദനകൾ കടിച്ചമർത്തി കഴിയുന്ന അവരുടെ മാതാപിതാക്കളോടും മാലാഖമാരെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ വിരൽ ചൂണ്ടുന്നത് ലില്ലിക്കുട്ടി ജോസഫിനെപോലെയുള്ള ഒരുകൂട്ടം നഴ്സുമാരിലേക്കായിരിക്കും.
സെറിബ്രൽ പാൾസിപോലെ, ആജീവനാന്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു വീടുപോലെ ദീർഘകാല ചികിത്സയും പരിചരണവുമൊരുക്കുന്ന അൽ വക്റയിലെ അൽ മഹ സെന്ററിലെ ഹെഡ് നഴ്സായി ജോലി ചെയ്യുകയാണ് പന്തളം കൊടശ്ശനാട് സ്വദേശിനിയായ ലില്ലിക്കുട്ടി ജോസഫ്. ഖത്തറിലെ ഇന്ത്യൻ നഴ്സുമാരിൽ ഏറ്റവും മുതിർന്നവർ. 32 വർഷമായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സേവനം ചെയ്ത്, ഈ വർഷത്തോടെ സർവിസിൽനിന്ന് വിരമിക്കാൻ ഒരുങ്ങുകയാണ് ലില്ലിക്കുട്ടി.
‘മറ്റേതൊരു ജോലിയെക്കാളും ആശ്വാസവും സംതൃപ്തിയും നൽകുന്നതാണ് നഴ്സ് എന്ന സേവനം. എനിക്കു മാത്രമല്ല, ഓരോ നഴ്സുമാർക്കും തങ്ങളുടെ ജോലി അങ്ങനെ തന്നെയാണ്. ഒരു രോഗിക്ക് ആശ്വാസം കിട്ടുമ്പോഴും, രോഗം ഭേദമാവുമ്പോഴും അവരുടെ മുഖത്ത് തെളിയുന്ന പുഞ്ചിരിയോളം സന്തോഷം പകരുന്ന മറ്റൊന്നുമില്ല. സംസാരശേഷിയില്ലാത്ത കുഞ്ഞുങ്ങളായിരിക്കും എനിക്കൊപ്പം ഏറെയും. അവരുടെ പുഞ്ചിരിയും അത് മാതാപിതാക്കളിലുണ്ടാക്കുന്ന ആശ്വാസവും തന്നെ വലിയ സന്തോഷമായി മാറുന്നു’ -തന്റെ നഴ്സിങ് ജീവിതത്തെക്കുറിച്ച് ലില്ലിക്കുട്ടി പറയുന്നതിങ്ങനെ.
മൂന്നു പതിറ്റാണ്ടിലേറെ സേവനം
1992ലാണ് ഹമദ് ആശുപത്രിയിൽ നഴ്സായി എത്തുന്നത്. മാന്നാനം കെ.ഇ കോളജിലായിരുന്നു പ്രീഡിഗ്രി. വീട്ടിലെല്ലാവരും അധ്യാപന മേഖലയിലായിരുന്നു. ഏറ്റവും ഇളയ ആൾ എന്നനിലയിൽ മറ്റൊരു പ്രഫഷൻ തെരഞ്ഞെടുക്കണമെന്ന് സഹോദരങ്ങളുടെ കൂടി ഉപദേശത്തിലായിരുന്നു നഴ്സിങ്ങിന് ചേർന്നത്. അർധ സമ്മതത്തോടെ ബംഗളൂരുവിൽ നഴ്സിങ് പഠനത്തിന് എത്തിയശേഷം ആ പ്രഫഷനോട് ഇഷ്ടം കൂടിത്തുടങ്ങി. പഠിച്ചിറങ്ങിയതിനു പിന്നാലെ ബംഗളൂരുവിലും രണ്ടു വർഷത്തോളം സൗദിയിലും ജോലി ചെയ്തശേഷം വിവാഹവും കഴിഞ്ഞായിരുന്നു ഖത്തറിലേക്ക് പറന്നത്. ആദ്യം ഹമദിന്റെ സ്ത്രീകൾക്കായുള്ള റീഹാബിലിറ്റേഷൻ സെന്ററിൽ സേവനം. പ്രായാധിക്യമുള്ള സ്ത്രീകൾക്കുള്ള പരിചരണമായിരുന്നു തുടക്കം. ഏതാനും വർഷങ്ങൾക്കു ശേഷം പീഡിയാട്രിക് വിഭാഗത്തിലേക്ക് മാറുകയും പിന്നീട് ദീർഘകാല പരിചരണ വിഭാഗത്തിലുമെത്തി.
ഖത്തറിന്റെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനമായ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയുടെ വളർച്ചയുടെ ഭാഗം കൂടിയായാണ് ലില്ലിക്കുട്ടി ദൈർഘ്യമേറിയ സേവനത്തിൽനിന്ന് പടിയിറങ്ങാൻ ഒരുങ്ങുന്നത്. വൈദ്യശാസ്ത്രവും സാങ്കേതിക സംവിധാനങ്ങളും ഇന്നത്തെപോലെ ആധുനികമാവാതിരുന്ന കാലത്താണ് ഖത്തറിലെത്തുന്നത്. സാധാരണ ആശുപത്രിയിൽനിന്ന് ലോകത്തിലെ തന്നെ മുൻനിര ആരോഗ്യ സംവിധാനമായി മാറിയ ഹമദിന്റെ ഓരോ വളർച്ചയിലും അവരും സാക്ഷിയായിരുന്നു. 2010ൽ ഹമദിനു കീഴിലെ പീഡിയാട്രിക് ലോങ്ടേം കെയർ യൂനിറ്റിലേക്ക് മാറിയതിനു പിന്നാലെ വിവിധ നൂതന സംരംഭങ്ങൾക്കും പരീക്ഷണങ്ങൾക്കും തുടക്കവും കുറിച്ചു. അതിൽ ഏറ്റവും ശ്രദ്ധയമായിരുന്നു അൽ മഹ ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിന് കീഴിൽ ചികിത്സയിലുള്ള കുട്ടികളുടെ അമ്മമാരെ ഉൾപ്പെടുത്തി ആരംഭിച്ച ‘മദേഴ്സ് സപ്പോർട്ട് ഗ്രൂപ്’. ഒരു വാട്സ്ആപ് ഗ്രൂപ് എന്നതിനപ്പുറം, തങ്ങളുടെ മക്കളുടെ മക്കളുടെ പരിചരണത്തിൽ ഓരോ അമ്മമാരെയും തയാറാക്കുന്ന സംവിധാനമായി മാറിയ ഇത് അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റി. അമ്മമാർക്കായി പരിശീലനങ്ങൾ, അവർക്കുള്ള മാനസിക പിന്തുണ ഉൾപ്പെടെ, നഴ്സിങ്-മെഡിക്കൽ സ്റ്റാഫിന്റെ സഹായങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ലില്ലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്നു.
ജീവിതത്തിലെ വെല്ലുവിളിയേറിയ സാഹചര്യത്തിൽ നിങ്ങൾ ഒറ്റക്കല്ലെന്ന് ഓരോ മാതാപിതാക്കളെയും ബോധ്യപ്പെടുത്തുന്നത് കൂടിയായിരുന്നു ഗൾഫ് മേഖലയിലെതന്നെ ആദ്യത്തെതായി അവതരിപ്പിച്ച ഈ സംരംഭം. ഹമദിനു കീഴിലെ നിരവധി പുരസ്കാരങ്ങൾക്കും ഈ പദ്ധതി വഴിയൊരുക്കി. ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ ‘യുനീഖിന്റെ’ രൂപവത്കരണകാലം മുതൽ നേതൃനിരയിലും സജീവമായിരുന്നു ഇവർ. സാന്ത്വന സേവനരംഗത്തെ മികവിനുള്ള അംഗീകാരമായി ‘ഗൾഫ് മാധ്യമം’ ഷി ക്യൂ എക്സലൻസ് പുരസ്കാരം ഉൾപ്പെടെ അംഗീകാരങ്ങളും തേടിയെത്തി. ഖത്തർ പ്രവാസിയായ ജോസ് ആണ് ഭർത്താവ്. ബ്ലെസി, പരേതനായ മാർട്ടിൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.