ആകാശത്തും ഇൻറർനെറ്റ്
text_fieldsദോഹ: വിമാനത്തിൽ കയറിയത് മുതൽ ലക്ഷ്യസ്ഥാനം വരെ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്ന മിന (മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക) മേഖലയിലെ ആദ്യരാജ്യമായി ഖത്തർ മാറി. വിമാനത്തിനുള്ളിൽ എത്ര ഉയരത്തിൽ പറക്കുകയാണെങ്കിലും ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയാണ് അംഗീകാരം നൽകിയത്. നേരത്തെ സമുദ്രനിരപ്പിൽ നിന്നും 3000 അടി വരെ ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾക്കുള്ളിൽ മാത്രമായിരുന്നു ഇൻറർനെറ്റ് സേവനം നൽകുന്നതിനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ.
പുതിയ വ്യവസ്ഥപ്രകാരം എത്ര ഉയരത്തിൽ പറക്കുകയാണെങ്കിലും ബോർഡിംഗിലായത് മുതൽ യാത്രക്കാരന് ലക്ഷ്യസ്ഥാനം എത്തുന്നത് വരെ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് സി ആർ എ അനുമതി നൽകുന്നു. നവംബർ 2017മുതൽ ജനുവരി 2018 വരെ പ്രധാന ഓഹരിയുടമകൾ, സേവന ദാതാക്കൾ തുടങ്ങിയവർക്കായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പൊതു കൂടിയാലോചനയിലെ ആരോഗ്യകരമായ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് അതോറിറ്റി യാത്രയിലുടനീളം ഇൻറർനെറ്റ് സേവനം നൽകുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
യാത്രക്കാരന് വിമാനത്തിൽ കയറിയത് മുതൽ ലക്ഷ്യസ്ഥാനമെത്തുന്നത് വരെ ഇൻറർനെറ്റ് സേവനം ലഭ്യമാക്കാൻ ഖത്തറിൽ രജിസ്റ്റർ ചെയ്യപ്പെട്ട വിമാനങ്ങൾക്ക് അനുമതി നൽകുന്നതാണ് പുതിയ വ്യവസ്ഥ. മറ്റു വിമാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിഘാതമേൽപ്പിക്കാത്ത രീതിയിലോ, ഭൂമിയിലെ പൊതു മൊബൈൽ നെറ്റ്വർക്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കാതെയോ ആയിരിക്കണം ഇത്. എല്ലാ കാലത്തും ഏറ്റവും മികച്ച സാങ്കേതികവിദ്യ പ്രയോഗതലത്തിൽ വരുത്തുന്ന രാജ്യമാണ് ഖത്തറെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അഹ്മദ് അൽ സുലൈതി പറഞ്ഞു.
ഖത്തറിലെ ടെലികമ്മ്യൂണിക്കേഷൻ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചതും നൂതനവുമായ സാങ്കേതികവിദ്യകൾ അവരുടെ വിരൽതുമ്പിൽ എത്തിക്കുകയാണ് സി ആർ എയുടെ മുഖ്യലക്ഷ്യമെന്ന് അതോറിറ്റി പ്രസിഡൻറ് മുഹമ്മദ് അലി അൽ മന്നാഈ പറഞ്ഞു. അതേസമയം, സമുദ്രനിരപ്പിൽ നിന്നും 3000 അടിയിൽ കൂടുതൽ ഉരത്തിലുള്ള വിമാനങ്ങളിൽ മൊബൈൽ വോയിസ് കോളുകൾ, എസ് എം എസ്, മൊബൈൽ ഡാറ്റ എന്നിവയുടെ ഉപയോഗത്തിനുള്ള വിലക്ക് തുടരും. മറ്റു വിമാനങ്ങളുടെ പ്രവർത്തനങ്ങളെയും ഭൂമിയിലെ പൊതു മൊബൈൽ സർവീസുകളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.