വിനോദസഞ്ചാര മേഖലയിൽ നിക്ഷേപം വർധിക്കുന്നു
text_fieldsദോഹ: ബിസിനസ് ടൂറിസം, ഷോപ്പിങ് ടൂറിസം, സാംസ്കാരിക ടൂറിസം തുടങ്ങി വിവിധ രീതികൾ നടപ്പാക്കുന്നതിലൂടെ ഖത്തറിന്റെ വിനോദ വ്യവസായം വികസിക്കുമെന്നും മൂലധനം വർധിക്കുമെന്നും സാമ്പത്തികശാസ്ത്ര വിദഗ്ധൻ. സന്ദർശകരായെത്തുന്നവർ വിവിധ മേഖലകളിൽ പണം ചെലവഴിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖല വളർച്ചയിലാണെന്നും ഉപഭോഗത്തിലെ വർധനക്ക് മറുപടിയെന്നോണം രാജ്യത്ത് വിദേശ, ആഭ്യന്തര നിക്ഷേപങ്ങൾ വർധിക്കുന്നുവെന്നും ഖത്തർ സർവകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം അസോ. പ്രഫസർ ഡോ. ഷാർബൽ ബാസിൽ പറഞ്ഞു. വിദേശ മൂലധനം പ്രാദേശിക സ്ഥാപനങ്ങൾക്ക് അവരുടെ ഭൗതിക മൂലധനത്തിന്റെ സ്റ്റോക്ക് വർധിപ്പിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിൽ നിക്ഷേപിക്കാവുന്നതാണ് -ഡോ. ബാസിൽ വ്യക്തമാക്കി.
ലോകബാങ്ക് കണക്കുകൾപ്രകാരം 2022 ഫിഫ ലോകകപ്പിലൂടെ ഖത്തറിന് വലിയ പ്രയോജനം ലഭിച്ചതായും ആഗോള കായിക മാമാങ്കത്തിന് സാക്ഷ്യംവഹിക്കാൻ 20 ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഖത്തറിലെത്തിയതെന്നും അതുവഴി 2658 കോടി റിയാൽ നേട്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറിലധികം രാജ്യങ്ങൾക്കുള്ള വിസ നടപടിക്രമങ്ങൾ ലഘൂകരിച്ചത് ഖത്തറിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നതിൽ വലിയ കാരണമായിട്ടുണ്ടെന്ന് ഡോ. ബാസിൽ അടിവരയിട്ടു. 2023ലും അതിനുശേഷവും നിരവധി അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥ്യം വഹിക്കുന്നതിനാൽ വിനോദ വിപണി കൂടുതൽ ചലനാത്മകമാകുന്ന സന്ദർശകരുടെ സ്ഥിരമായ ഒഴുക്ക് ഖത്തർ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിനോദസഞ്ചാര മേഖലയിലെ വളർച്ച തുടരുന്നതിൽ ഖത്തറിന് തടസ്സങ്ങൾ മറികടക്കേണ്ടിവരുമെന്നും, സുസ്ഥാപിത ടൂറിസം മേഖലയുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രാദേശിക മത്സരമാണ് ഇതിലെ ആദ്യ വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കാൻതക്ക അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഖത്തറിനുണ്ടെങ്കിലും വിനോദസഞ്ചാരികൾക്ക് അതുല്യമായ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യം ശ്രദ്ധചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിവർഷം ആറു ദശലക്ഷത്തിലധികം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്നും അടുത്ത ഏഴു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ജി.ഡി.പി വളർച്ചയിൽ ഏഴു ശതമാനത്തിലധികം വളർച്ചക്ക് ടൂറിസം മേഖല വലിയ സംഭാവന നൽകുമെന്നും ഖത്തർ ടൂറിസം അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.