വൻകിട കമ്പനികളിൽ നിക്ഷേപ അവസരം
text_fieldsദോഹ: ഖത്തറിലെ വൻകിട കമ്പനികളിൽ നിക്ഷേപം നടത്താൻ അവസരമൊരുക്കുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ '1000 അവസരങ്ങൾ' സംരംഭത്തിന് നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണം. സംരംഭം ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ 432 നിക്ഷേപകരാണ് ഇതിനായി അപേക്ഷിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വൻകിട വിദേശക, പ്രാദേശിക കമ്പനികളിൽ നിക്ഷേപമിറക്കാൻ പ്രാദേശിക നിക്ഷേപകർക്കുള്ള സുവർണാവസരമാണ് '1000 അവസരങ്ങൾ' എന്ന സംരംഭക പദ്ധതി. മാച്ച് ഹോസ്പിറ്റാലിറ്റി, മക്ഡൊണാൾഡ്സ്, സി.സി.സി കോൺട്രാക്ടിങ്, ലുലു ഹൈപ്പർമാർക്കറ്റ്, അമേരിക്കാന, അൽഷായ ഗ്രൂപ്, പവർ ഇന്റർനാഷനൽ, ജനറൽ ഇലക്ട്രിക് തുടങ്ങിയ വൻകിട കമ്പനികൾ ഇതിലുൾപ്പെടും. സ്വകാര്യ മേഖലയുടെ വളർച്ചക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതോടൊപ്പം രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും സംരംഭം നിർണായകമാകുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'1000 അവസരങ്ങൾ' സംരഭം പൊതു, സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നും രാജ്യത്തെ വ്യാപാര മേഖലയെ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭകർക്ക് ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനും വിപണിയിൽ കൂടുതൽ മത്സരക്ഷമത പ്രകടിപ്പിക്കാനും സഹായകമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
വിതരണശൃംഖല പ്രാദേശികവത്കരിക്കുന്നതിലും സേവനദാതാക്കളിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിലും വലിയ പങ്കുവഹിക്കും. ദേശീയ ഉൽപന്നങ്ങളെ ആശ്രയിക്കുന്നത് വർധിപ്പിക്കാനും '1000 ഓപർച്യൂണിറ്റീസ്' സംരംഭം സഹായിക്കും. പ്രത്യേകിച്ചും രാജ്യത്തെ വ്യവസായ മേഖല കൂടുതൽ വികസിപ്പിക്കുന്നതിലും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിലും ദേശീയ ഉൽപന്നങ്ങളുടെ ക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുന്നതിലും സർക്കാർ കൂടുതൽ ശ്രദ്ധയൂന്നുന്ന സാഹചര്യത്തിൽ അതിന് ആക്കംകൂട്ടാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഈ സംരംഭം വലിയ സംഭാവന നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.