സൗഹൃദവുമായി ഇറാൻ മന്ത്രിയുടെ സന്ദർശനം
text_fieldsദോഹ: മേഖലയിലെ അയൽ രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളവും ആരോഗ്യകരവുമാക്കുന്നതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാന്റെ ഖത്തർ സന്ദർശനം. ചൊവ്വാഴ്ച ദോഹയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി അമീരി ദിവാനിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര, ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യാന്തര തലത്തിലെയും മേഖലയിലെയും സംഭവ വികാസങ്ങളും ചർച്ച ചെയ്തു. തുടർന്നായിരുന്നു വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി ഇറാൻ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ച.
ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് ഡോ. ഹുസൈൻ ആമിർ അബ്ദുല്ലാഹിയാന്റെ നേതൃത്വത്തിലുള്ള ഇറാൻ മന്ത്രിതല സംഘം ഖത്തറിലെത്തിയത്. ഒമാൻ സന്ദർശനം പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച രാത്രിയോടെയാണ് ഖത്തറിലെത്തിയത്. ഇറാനും മേഖലയിലെ മറ്റു രാജ്യങ്ങളും തമ്മിലെ സൗഹൃദബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പിനുള്ള ഖത്തറിന്റെ തയാറെടുപ്പിൽ സാങ്കേതിക, എൻജിനീയറിങ് മേഖലകളിലെ സഹകരണം വാഗ്ദാനം ചെയ്തതായി സംഘത്തിലെ മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജി.സി.സി രാജ്യങ്ങളുമായി സൗഹൃദം ശക്തമാക്കാനുള്ള സന്നദ്ധത ഇറാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.