ഇറാഖ്: ഡിക്കിന്റെ കുട്ടികൾ
text_fieldsപഴയ പ്രതാപത്തിെൻറ നിഴൽ മാത്രമാണ് ഇന്ന് ഇറാഖ് ഫുട്ബാൾ. നല്ലകാലത്ത് ലോകകപ്പിൽ കളിക്കുകയും ഏഷ്യയിലെ ഏറ്റവും മികച്ച ടീമായി മാറുകയും ഏഷ്യ കപ്പിലും ഏഷ്യൻ ഗെയിംസിലുമെല്ലാം ചാമ്പ്യന്മാരാവുകയും ചെയ്ത ഇറാഖ് ഫിഫ റാങ്കിങ്ങിൽ 39ൽ എത്തിയ കാലവുമുണ്ടായിരുന്നു. പിന്നെ, നാട്ടിലെ അരക്ഷിതാവസ്ഥയും യുദ്ധവുമെല്ലാം ടീമിെൻറ പ്രകടനത്തെയും ബാധിച്ചു. ഏറെക്കാലം നാട്ടിൽ സ്വസ്ഥമായി കളിക്കാൻ പോലും ഒരു കളിയിടമില്ലാതെ പലയിടങ്ങളിൽ അഭയം തേടേണ്ടിവന്ന ഭൂതകാലത്തിൽ നിന്നും ഇന്ന് തിരിച്ചുവരവിെൻറ പാതയിലാണ് ഇറാഖ് ഫുട്ബാൾ.
മുൻ നെതർലൻഡ്സ് പരിശീലകനായിരുന്ന ഡിക് അഡ്വക്കാറ്റിനു കീഴിലാണ് ഇറാഖ് ലോകകപ്പ് യോഗ്യത റൗണ്ടിലും അറബ് കപ്പിലും കളത്തിലിറങ്ങുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ നില ഭദ്രമല്ല. മൂന്നാം റൗണ്ട് ഗ്രൂപ് 'എ'യിൽ അഞ്ചാം സ്ഥാനത്തുള്ള ടീമിന് മുന്നേറാൻ അത്ഭുത പ്രകടനങ്ങൾ പുറത്തെടുക്കണമെന്നാണ് നിലവിലെ അവസ്ഥ. എന്നാൽ, സിരകളിൽ ആക്രമണവീര്യം കരുത്താക്കിയ സംഘത്തിന് അറബ് കപ്പ് നല്ല പ്രകടനം നടത്താനുള്ള അവസരം കൂടിയാണ്.
125 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള മുന്നേറ്റ നിരക്കാരൻ അലാ അബ്ദുല്ല സഹ്റയാണ് ടീമിെൻറ നായകൻ. 33കാരനായ താരം വിവിധ ഇറാഖ് ക്ലബുകൾക്കായി ഗോളടിച്ചുകൂട്ടിയ ഫോർവേഡുമാണ്. മറ്റൊരു സെഞ്ചൂറിയൻ താരം അഹമ്മദ് ഇബ്രാഹിമും 83മത്സരം പൂർത്തിയാക്കിയ അലി അദ്നാനുമാണ് പ്രതിരോധത്തിലെ കരുത്ത്. ഇംഗ്ലീഷ് മൂന്നാം ഡിവിഷൻ ടീമായ വെയ്കോബ് വാൻഡേഴ്സിന് കളിക്കുന്ന അലി അൽ ഹമാദിയാണ് ടീമിലെ ഏറ്റവും ജൂനിയറും ശ്രദ്ധേയ താരവും. രണ്ടു മാസം മുമ്പ് ദക്ഷിണ കൊറിയയെ സമനിലയിൽ തളച്ച ഡിക് അഡ്വക്കാറ്റിെൻറ തന്ത്രങ്ങൾ അത്രവേഗം തള്ളിക്കളയാനും കഴിയില്ല.
ഇറാഖ്:
ഫിഫ റാങ്ക് 72
•ക്യാപ്റ്റൻ: അലാ അബ്ദുൽ ഹസ്റ
•കോച്ച്: ഡിക് അഡ്വക്കാറ്റ്
•നേട്ടങ്ങൾ: ഫിഫ ലോകകപ്പ് പങ്കാളിത്തം 1 (1986 ഗ്രൂപ് റൗണ്ട്), ഏഷ്യ കപ്പ് ചാമ്പ്യൻ (2007), അറബ് കപ്പ് ചാമ്പ്യൻ 4 (1964, 1966, 1985, 1988).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.