തമീം മൻസൂർ; പിതാവിന്റെ വഴിയേ പുത്രനും
text_fieldsദോഹ: ഖത്തറിനുവേണ്ടി തമീം മൻസൂർ അൽ അബ്ദുല്ലയുടെ ബൂട്ടിൽനിന്ന് പിറന്ന ആദ്യ ഗോളായിരുന്നു അത്. അതാകട്ടെ, ലോകകപ്പിലെ കനത്ത തിരിച്ചടിയിൽ നിരാശപ്പെട്ട ഒരു രാജ്യത്തെ അഭിമാനകരമായ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്തുന്നതായിരുന്നു. നിലനിൽപിനും പുറത്താകലുമിടയിലെ സമയസൂചിയിൽ അപ്പോൾ രണ്ടു മിനിറ്റിന്റെ സമയദൈർഘ്യം മാത്രമാണുണ്ടായിരുന്നത്. മുന്നിൽ നിലയുറപ്പിച്ച എതിർ പ്രതിരോധക്കാർക്കു മുകളിലൂടെ ഇടതു വിങ്ങിൽ ബോക്സിനു പുറത്തുനിന്ന് ഹമാം അൽ അമീൻ ഉയർത്തിയിട്ട പന്തിനെ റണ്ണിങ് ചിപ്പിലൂടെ വലയിലേക്ക് വഴിമാറ്റിവിട്ടായിരുന്നു തമീമിന്റെ വിധിനിർണായക ഗോൾ.
അതൊരു ചരിത്രപ്പിറവിയായി. ആ യുവതാരം ദേശീയ ടീമിനുവേണ്ടി തന്റെ കരിയറിലെ ആദ്യഗോൾ സ്കോർ ചെയ്തത് അത്യുജ്ജ്വലമായൊരു മുഹൂർത്തത്തിലായിരുന്നു. രക്തത്തിലലിഞ്ഞ ഫുട്ബാളിന്റെ പകിട്ടാർന്ന സ്കോറിങ് പാടവത്തിൽനിന്ന് പിറവികൊണ്ട ആ ഗോൾ ഖത്തറിന് വഴി തുറന്നുനൽകിയത് അറേബ്യൻ ഗൾഫ് കപ്പിന്റെ സെമിഫൈനലിലേക്കായിരുന്നു. യു.എ.ഇക്കെതിരെ തോൽവിയും ടൂർണമെന്റിൽ അവസാന നാലിലെത്താതെ പുറത്താകലും മുന്നിൽകണ്ട ടീമിനെ 88ാം മിനിറ്റിലെ വിധിനിർണായക ഗോളിലൂടെ തമീം കരകയറ്റുകയായിരുന്നു. നിർണായകമായ അവസാന ഗ്രൂപ് മത്സരത്തിൽ യു.എ.ഇക്കെതിരെ ആ ഗോളിൽ 1-1ന് സമനില നേടിയാണ് ഖത്തർ നാലു പോയന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമിയിൽ ഇടമുറപ്പിച്ചത്.
42 ഗോളുകളുമായി ഖത്തറിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ മൻസൂർ മുഫ്തയുടെ മകനാണ് തമീം മൻസൂർ. പിതാവിന്റെ കാലടിപ്പാടുകൾ പിന്തുടർന്നാണ് ഖത്തറിനുവേണ്ടി തകർപ്പൻ സമനില ഗോളുമായി തമീം അവസരത്തിനൊത്തുയർന്നത്.
1979ൽ ബഗ്ദാദിലെ അൽഷാബ് സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ഗൾഫ് കപ്പിൽ യു.എ.ഇക്കെതിരെ ഖത്തറിന്റെ ഗോൾ നേടിയത് മൻസൂർ മുഫ്തയായിരുന്നു. 44 വർഷത്തിനുശേഷം പിതാവിന്റെ സ്കോറിങ് പാടവത്തിനൊത്ത തുടക്കമിട്ട തമീം അതേ രാജ്യത്ത് നടക്കുന്ന ഗൾഫ് കപ്പിൽ അതേ എതിരാളികൾക്കെതിരെ ഗോൾ നേടി ചരിത്രം ആവർത്തിക്കുകയായിരുന്നു. യു.എ.ഇക്കെതിരെ കളിയുടെ 59ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയാണ് തമീം മിന്നുംഗോളിലൂടെ ഖത്തറിന്റെ ഹീറോ ആയി മാറിയത്.
ആറു ഗൾഫ് കപ്പിലും മൂന്ന് ഏഷ്യൻ കപ്പ് ടൂർണമെന്റിലും ഖത്തറിന്റെ മുന്നണിപ്പോരാളിയായിരുന്നു മൻസൂർ മുഫ്ത. അന്നത്തെ കോച്ച് ദിനോ സാനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1990ൽ ദേശീയ ടീമിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഖത്തർ സ്റ്റാർസ് ലീഗിൽ ഏഴു സീസണിൽ ടോപ്സ്കോറർ പദവി സ്വന്തമാക്കിയ ഈ മുന്നേറ്റനിരക്കാരന്റെ റെക്കോഡിന് ഇപ്പോഴും ഇളക്കമായിട്ടില്ല. 1972 മുതൽ 1994 വരെ അൽ റയ്യാൻ ക്ലബിന്റെ അണിയിൽ നിറഞ്ഞുകളിച്ച താരമായിരുന്നു മൻസൂർ മുഫ്ത.
ഇക്കാലയളവിൽ 160ഓളം മത്സരങ്ങളിൽ ക്ലബിനുവേണ്ടി കളത്തിലിറങ്ങി. 1994 മുതൽ 1999 വരെ അൽ വക്റയിലായിരുന്നു. 2000-2001 സീസണിൽ അൽ സെയ്ലിയ ക്ലബിനു കളിച്ചശേഷമാണ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചത്. പിതാവിനെപ്പോലെ അൽ റയ്യാന്റെ യൂത്ത് സിസ്റ്റം വഴിയാണ് തമീമും വളർന്നത്. ഇപ്പോൾ റയ്യാന്റെ സീനിയർ ടീമംഗമാണ്. ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിന് തമീമിന് 20 വയസ്സ് തികഞ്ഞതേയുള്ളൂ. ലോകകപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ഗൾഫ് കപ്പിൽ പുതുനിരയെ കളത്തിലിറക്കാൻ ഖത്തർ കോച്ച് ബ്രൂണോ പിനീറോ തീരുമാനിച്ചതോടെ തമീമിനും നറുക്കു വീഴുകയായിരുന്നു.
ഇറാഖിലെ ബസ്റയിൽ തിങ്കളാഴ്ച വൈകീട്ട് 4.15ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ ഗ്രൂപ് ‘എ’യിലെ ഒന്നാം സ്ഥാനക്കാരായ ഇറാഖാണ് ഖത്തറിന്റെ എതിരാളികൾ. അന്ന് രാത്രി സെമിയിൽ ഗ്രൂപ് ‘ബി’യിലെ ഒന്നാം സ്ഥാനക്കാരായ ബഹ്റൈനും ഗ്രൂപ് ‘എ’യിലെ രണ്ടാം സ്ഥാനക്കാരായ ഒമാനും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനും കുവൈത്തും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.
ഏഴു പോയന്റുമായാണ് ബഹ്റൈൻ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയത്. ഓരോ ജയവും സമനിലയും തോൽവിയുമായി ഖത്തറിനൊപ്പം കുവൈത്തിനും നാലു പോയന്റ് സമ്പാദ്യമുണ്ടായിരുന്നു. എന്നാൽ, ഗോൾ ശരാശരിയിലെ മുൻതൂക്കം ഖത്തറിന് തുണയായി. ലോകകപ്പ് ഫുട്ബാളിൽ മൂന്നു ഗ്രൂപ് മത്സരങ്ങളും തോറ്റ് സ്വന്തം മണ്ണിൽ നിരാശജനകമായ പ്രകടനം കാഴ്ചവെച്ച ഖത്തറിന് യുവതാരങ്ങളടങ്ങിയ ടീമിന്റെ ഗൾഫ് കപ്പ് സെമിപ്രവേശം ആശ്വാസനേട്ടമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.