സൗരോർജത്തിലൂടെ ജലസേചനം; വനവത്കരണം സജീവമാക്കും
text_fieldsദോഹ: സൗരോർജ പദ്ധതിയിലൂടെ ജലസേചനം ഉറപ്പാക്കി നഗരമേഖലകൾക്ക് പുറത്ത് വനവത്കരണം സജീവമാക്കാൻ അൽ റയ്യാൻ മുനിസിപ്പാലിറ്റി. യുനെസ്കോയുടെ ലേണിങ് സിറ്റി എന്ന അംഗീകാരം നേടിയ അൽ റയ്യാൻ പത്തു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന കാമ്പയിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റിക്കു കീഴിലെ പുറംഭാഗങ്ങളിലും മരംനടീൽ സജീവമാക്കുന്നത്. അൽ കറാന, ജരിയാൻ അൽ ബത്ന, പടിഞ്ഞാറൻ ഉംമ്മു ഗർന്, അൽ ആറിയ, ഉമ്മു ഹവ്ത, അൽ ദർദ് അൽ മർഖിയ തുടങ്ങിയ മേഖലകളിലായി 3900ൽ ഏറെ തൈകൾ ഉൾപ്പെടെ സ്ഥാപിച്ച് വനവത്കരണം വ്യാപിപ്പിക്കാനാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ പദ്ധതി.
രാജ്യത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുക എന്ന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നഗര മേഖലകൾക്ക് പുറത്തും വനവത്കരണം വ്യാപിപ്പിക്കുന്നത്.
വൈദ്യുതി - പവർ ജനറേറ്റർ സംവിധാനങ്ങളെ ആശ്രയിക്കാതെ സൗരോർജത്തിലൂടെ ജലസേചനം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഉമ്മു ഗർന മേഖലയിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജലസേചന സൗകര്യം ഏർപ്പെടുത്തും.
സൗരോർജത്തിൽ പ്രവർത്തിക്കുന്നതായതിനാൽ ചെലവ് കുറക്കാനും ജലം പാഴാക്കാതെ തന്നെ വിദൂര ദിക്കുകളിൽ ആവശ്യമായ വിതരണം ഉറപ്പാക്കാനും കഴിയും. ഹരിത ഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറക്കുക, അന്തരീക്ഷ വായു-ജല മലിനീകരണം കുറക്കുക, രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുക, മരുഭൂവത്കരണം തടയുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഒഴിവാക്കുക തുടങ്ങിയ പരിസ്ഥിതി ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.