ഇസ്മാഈൽ ഹനിയ്യ വധം: ഹീനമായ കുറ്റകൃത്യമെന്ന് ഖത്തർ
text_fieldsദോഹ: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് ഖത്തർ. തെഹ്റാനിൽ വസതി ആക്രമിച്ചു നടത്തിയ കൊലപാതകത്തെ ഹീനമായ കുറ്റകൃത്യം എന്നു വിശേഷിപ്പിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം മനുഷ്യാവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, ഫലസ്തീനിലെയും മേഖലയിലെ സംഘർഷം വ്യാപിപ്പിക്കാൻ വഴിവെക്കുമെന്നും വ്യക്തമാക്കി.
‘ഇസ്മാഈൽ ഹനിയ്യ വധവും, ഗസ്സയിലെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട് തുടരുന്ന വിവേചനരഹിതമായ ഇസ്രായേൽ ആക്രമണവും മേഖലയിലെ സമാധാന ശ്രമങ്ങളെ വീണ്ടും തകർക്കുന്നതാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെ എല്ലാത്തരം ആക്രമണങ്ങളെയും ഭീകരവാദത്തെയും ഖത്തർ തള്ളുന്നു’ -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തിയ ഖത്തർ, ബന്ധുക്കളുടെയും ഫലസ്തീനിലെ ജനങ്ങളുടെയും അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും അറിയിച്ചു.
ഹമാസ് തലവന്റെ വധം ഇസ്രായേൽ-ഫലസ്തീൻ സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞു. മധ്യസ്ഥദൗത്യം വിജയത്തിലെത്തിക്കുന്ന സാധ്യതകൾ സംശയകരമാക്കുന്നതാണ് ഈ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു.
‘സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ ഒരു കക്ഷി മറുവശത്ത് രാഷ്ട്രീയ കൊലപാതകങ്ങളും സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതും തുടരുമ്പോൾ മധ്യസ്ഥത എങ്ങനെ വിജയിക്കും?. സമാധാനം പുനഃസ്ഥാപിക്കാൻ സുപ്രധാന ഇടപെടലുകളും, അന്താരാഷ്ട്ര സഖ്യങ്ങളുടെ ശക്തമായ നിലപാടും ആവശ്യമാണ്’ -ഖത്തർ പ്രധാന മന്ത്രി ‘എക്സ്’ പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.