ഇസ്മാഈൽ ഹനിയ്യയുടെ ഖബറടക്കം വെള്ളിയാഴ്ച ഖത്തറിൽ
text_fieldsദോഹ: ബുധനാഴ്ച പുലർച്ചെ തെഹ്റാനിൽ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യയുടെ മയ്യിത്ത് ഖത്തറിൽ ഖബറടക്കും. ഇറാനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം ദോഹയിലെത്തിക്കുമെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ദോഹയിലെ ഇമാം മുഹമ്മദ് ബിൻഅബ്ദുൽ വഹാബ് പള്ളിയിൽ മയ്യിത്ത് നമസ്കാരം നടന്ന ശേഷം ഖത്തറിൽ തന്നെ ഖബറടക്കും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാവും ഖബറടക്കചടങ്ങുകൾ പൂർത്തിയാക്കുക.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ.ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാൻ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ഇറാൻ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്.
കൊലപാതകത്തിനു പിന്നിൽ ഇസ്രായേലാണെന്ന് ഹമാസ് ആരോപിച്ചു. ഖത്തറിൽ താമസിച്ചാണ് ഹമാസിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.