ഇസ്രായേൽ ആക്രമണം: വെടിനിർത്തലിന് ആവർത്തിച്ച് ഖത്തർ
text_fieldsഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും ജോർഡനിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
ദോഹ: അന്താരാഷ്ട സമൂഹത്തിന്റെ സമ്മർദങ്ങളെയും ഇടപെടലുകളെയും അവഗണിച്ച് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ വെടിനിർത്തൽ ശ്രമങ്ങൾ തുടർന്ന് ഖത്തർ. മേഖലയിലെ രാജ്യങ്ങൾക്കൊപ്പം ചേർന്നാണ് വിവിധ കൂടിക്കാഴ്ചകളും ലോകനേതാക്കളുമായി ആശയവിനിമയം നടത്തിയും ഇടപെടൽ തുടരുന്നത്.
ശനിയാഴ്ച ജോർഡനിലെ അമ്മാനിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും പങ്കെടുത്തു. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ വിഷയം ചർച്ച ചെയ്യാൻ യോഗം ചേർന്നത്.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, ഈജിപ്തിന്റെ സ്മിഹ് ഷൗക്രി എന്നിവരും പങ്കെടുത്തു. അതിനിടെ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ജോർഡനിൽ കൂടിക്കാഴ്ച നടത്തി.
അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം വേണമെന്നും റഫ അതിര്‍ത്തി സ്ഥിരം തുറക്കാനുള്ള സംവിധാനം വേണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ സ്കൂളുകളും ആശുപത്രികളും ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു.
ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം, രണ്ടാം തവണയാണ് ബ്ലിങ്കനും ഖത്തർ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുന്നത്. ഒക്ടോബർ രണ്ടാം വാരത്തിൽ ദോഹയിൽ ഇരുവരും കണ്ടിരുന്നു. അതിനുശേഷം വിവിധ ഘട്ടങ്ങളിൽ ഫോൺ വഴിയും ആശയവിനിമയം നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.