ഇസ്രായേല്‍ തെമ്മാടിരാഷ്ട്രമെന്നതിൽ സംശയമില്ല -സജി മാര്‍ക്കോസ്
text_fieldsദോഹ: ലോകത്തിലെ തെമ്മാടിരാഷ്ട്രമാണ് ഇസ്രായേല്‍ എന്നകാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സജി മാര്‍ക്കോസ്. അബൂബക്കര്‍ കാരക്കുന്ന് ഫൗണ്ടേഷന് സംഘടിപ്പിച്ച സൂം വെബിനാറില്‍ ‘ഫലസ്തീന് മനുഷ്യാവകാശ പോരാട്ടവും പ്രോപഗൻഡ രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേലിനേയും ഫലസ്തീനേയും രണ്ട് രാഷ്ട്രങ്ങളാക്കി പരിഹാരമുണ്ടാക്കാമെന്നാണ് പലരും കരുതുന്നത്. എന്നാല്‍, ഇനിയൊരു കാലത്ത് അത് സാധ്യമാകാത്ത തരത്തിലേക്ക് ഇസ്രായേല്‍ വെസ്റ്റ്ബാങ്കിനെ വെട്ടിമുറിച്ചിട്ടുണ്ടെന്നും ഏതെങ്കിലും കാലത്ത് ഇത്തരമൊരു നയം വന്നാല്‍ അതിന് കഴിയാതിരിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അവര്‍ പ്രയോഗിച്ചുകഴിഞ്ഞതായും സജി മാര്‍ക്കോസ് പറഞ്ഞു.
വെസ്റ്റ്ബാങ്കിനെ തീര്‍ത്തും ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് 2006ന് ശേഷം ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീന് അതോറിറ്റി ഭരിക്കുന്ന സ്ഥലങ്ങളില്‍പോലും ഇസ്രായേല്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇസ്രായേലിക്ക് ഈ പ്രദേശങ്ങളിലൂടെ 30 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ മതിയാകുമെങ്കില്‍ ഫലസ്തീനിക്ക് ആറു മണിക്കൂറെങ്കിലും വേണ്ടിവരുന്ന തരത്തിലാണ് കാര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇസ്രായേലിക്കും ഫലസ്തീനിക്കും വാഹനത്തിന് രണ്ടുതരം നമ്പര്‍ പ്ലേറ്റുകളാണെന്നും ഫലസ്തീനി നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ ശക്തമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബസമേതം ഒരിക്കല്‍ യാത്രചെയ്യുന്ന ഒരു ഫലസ്തീനിയും പിന്നീടൊരിക്കലും അത്തരമൊരു യാത്രക്ക് മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെ കൈയേറ്റം നടന്നാലും ലോകരാജ്യങ്ങള്‍ ഇടപെടുമെങ്കിലും മുക്കാല്‍ നൂറ്റാണ്ടുകാലമായിട്ടും ഫലസ്തീന് പ്രശ്നങ്ങളില്‍ ലോകം മാന്യമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് നൈജീരിയയിലെ നൈല്‍ യൂനിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായ ഡോ. സലീല്‍ ചെമ്പയില്‍ പറഞ്ഞു.അബൂബക്കര്‍ കാരക്കുന്ന് ഫൗണ്ടേഷന് പ്രസിഡന്റ് അശ്റഫ് തൂണേരി മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് നന്മണ്ട സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ. ജാബിര്‍ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.