ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം ഇറാൻ വിദേശകാര്യ മന്ത്രി ഖത്തറിൽ
text_fieldsദോഹ: ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങളുടെ ഭാഗമായി ഇറാന് വിദേശകാര്യമന്ത്രി വീണ്ടും ഖത്തറിലെത്തി. തിങ്കളാഴ്ച ഖത്തർ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലഹിയാന്‍ ചൊവ്വാഴ്ച പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ സന്ദേശവുമായാണ് ദോഹയിലെത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗസ്സക്ക് പുറമെ വെസ്റ്റ്ബാങ്കിലും ഇസ്രായേലിന്റെ ആക്രമണങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് ഇറാൻ വിദേശകാര്യമന്ത്രി മൂന്നാഴ്ചക്കിടെ രണ്ടാം തവണ ദോഹയിലെത്തുന്നത്.
ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങള്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുമായും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിൻ ജാസിം ആൽഥാനിയുമായും അദ്ദേഹം ചര്‍ച്ച ചെയ്തു. ഇറാന് പ്രസിഡന്റിന്റെ ശബ്ദ സന്ദേശവും അദ്ദേഹം അമീറിനെ അറിയിച്ചു. വെടിനിർത്തലും ഹമാസ് തടവിലുള്ള ബന്ദികളുടെ മോചനവും അനിശ്ചിതമായി വൈകുകയും അന്താരാഷ്ട്രസമൂഹത്തിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെയും നിർദേശങ്ങൾ തള്ളി ഗസ്സയിലേക്ക് വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രായേലിന്റെ കരയാക്രമണവും ശക്തിപ്പെടുത്തുന്നതിനിടയിലാണ് തിരക്കിട്ട കൂടിയാലോചനകൾക്കും അന്താരാഷ്ട്രനേതാക്കളുടെ സന്ദർശനത്തിനും ദോഹ വീണ്ടും വേദിയാകുന്നത്.
ചൊവ്വാഴ്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഖത്തർ പ്രധാനമന്ത്രി ഫോണിൽ ചർച്ച നടത്തിയിരുന്നു. ബന്ദിമോചനം സംബന്ധിച്ച് ഖത്തറിന്റെ നേതൃത്വത്തിലെ ഏറ്റവും പുതിയ നീക്കങ്ങൾ ഇരുവരും ചർച്ചചെയ്തു.
മേഖലയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ബ്ലിങ്കനുമായുള്ള ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബ്രസീല്‍, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായി ഖത്തര്‍ കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തി. അതേസമയം, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനും തൊഴിലാളികൂട്ടായ്മകളും രംഗത്തിറങ്ങണമെന്ന് ഖത്തര്‍ തൊഴില്‍മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.