അധിനിവിഷ്ട പ്രദേശങ്ങളിലെ ഇസ്രായേൽ കുടിയേറ്റം സമാധാനത്തിന് തടസ്സം
text_fieldsദോഹ: അധിനിവേശം നടത്തിയ പ്രദേശങ്ങളിലെ അനധികൃത ഇസ്രായേൽ കുടിയേറ്റം മേഖലയിലെ സമാധാന ശ്രമങ്ങൾക്കും ദ്വിരാഷ്ട്ര പരിഹാരത്തിനും കടുത്ത വിഘാതമായി തുടരുന്നുവെന്ന് ഖത്തർ. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽ ഥാനിയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. യു.എൻ ജനറൽ അസംബ്ലിയുടെ 75ാമത് സെഷന് മുമ്പായി സംസാരിക്കുകയായിരുന്നു അവർ.
സിറിയൻ അറബ് ജൂലാൻ കുന്നുകളിലെ അധിനിവേശ പ്രദേശങ്ങളിൽ കുടിയേറ്റം നിയമവിധേയമാക്കുന്നതിനുള്ള ഇസ്രായേൽ തീരുമാനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. ജൂലാൻ കുന്നുകളിൽ നിയമവിരുദ്ധ നടപടികൾ നിലവിലെ അന്താരാഷ്ട്ര പ്രമേയങ്ങളുടെ ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി. ഫലസ്തീൻ, ഇസ്രായേൽ കക്ഷികൾ തമ്മിലുള്ള ഗൗരവമായ സമാധാന ചർച്ചകളാണ് പരിഹാരത്തിനുള്ള ഏക പോംവഴി. യു.എൻ പ്രമേയങ്ങൾ, അറബ് പീസ് ഇനിഷ്യേറ്റിവ് എന്നിവ ആധാരമാക്കിയായിരിക്കണം ചർച്ച. 1967ലെ അതിർത്തി പ്രകാരം കിഴക്കൻ ജറൂസലം ആസ്ഥാനമാക്കിയുള്ള സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമായിരിക്കണം സ്ഥാപിക്കേണ്ടത്. സിറിയൻ ജൂലാൻ കുന്നുകളിലേതടക്കമുള്ള അറബ് ഭൂമികയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നും ശൈഖ ഉൽയാ ആൽ ഥാനി ആവശ്യപ്പെട്ടു.
ഫലസ്തീൻ വിഷയത്തിൽ സമഗ്രമായ ഒത്തുതീർപ്പ് അടിയന്തരമായി നടപ്പാക്കണം. അഭയാർഥികളുടെ മടക്കം, ഫലസ്തീൻ ജനതയുടെ നിയമാവകാശങ്ങൾ, അൽ അഖ്സ പള്ളിയുടെ സംരക്ഷണം തുടങ്ങിയവ സാധ്യമാക്കണം.ഇസ്രായേലിെൻറ എല്ലാ നടപടികളെയും തള്ളിക്കളയുന്ന അന്താരാഷ്ട്ര റിപ്പോർട്ട് ശൈഖ ഉൽയ അവതരിപ്പിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ നിയമം എന്നിവയുൾപ്പെടെയുള്ള നിയമങ്ങളുടെ കടുത്ത ലംഘനങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്നും അവർ വ്യക്തമാക്കി.
വിവിധ പ്രമേയങ്ങളിലായി ജനറൽ അസംബ്ലി മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇസ്രായേൽ അനുസരിക്കണം, ഗസ്സ നിവാസികളുടെ കടുത്ത ദുരിതത്തിന് കാരണമായ ഗസ്സ മുനമ്പിൽ തീർത്ത ഉപരോധം പിൻവലിക്കണം എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചു.ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽ ഒരിക്കലും പിന്നോട്ടില്ലെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ നിർദേശപ്രകാരം ഫലസ്തീൻ ജനതക്ക് തുടരുന്ന എല്ലാ പിന്തുണയും സഹായവും തുടരുമെന്നും അവർ ആവർത്തിച്ചു.
ഖത്തർ ഡെവലപ്മെൻറ് ഫണ്ട്, ഗസ്സ പുനർനിർമാണ സമിതി എന്നിവ വഴി ഇതുവരെ 100 കോടി ഡോളറാണ് ഖത്തർ ഫലസ്തീൻ ജനതക്കായി ചെലവഴിച്ചതെന്ന് ശൈഖ ഉൽയാ ചൂണ്ടിക്കാട്ടി.കോവിഡ് -19 പശ്ചാത്തലത്തിൽ 150 മില്യൺ ഡോളർ സഹായം ഖത്തർ ഫലസ്തീന് നൽകിയതായും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.