ഇസ്രായേൽ ആക്രമണം മേഖലയെ യുദ്ധഭീതിയിലാഴ്ത്തുന്നു -അമീർ
text_fieldsദോഹ: ഗസ്സയിലും ലബനാനിലുമായി ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ മേഖലയെ ഒന്നാകെ സംഘർഷ ഭീതിയിലാക്കിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഖത്തർ സന്ദർശിക്കുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് അമീർ ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാനും മേഖലയുടെ സമാധാനം ഉറപ്പാക്കാനും ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദം ശക്തമാക്കണമെന്നും ലോകരാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അമീർ ശക്തമായ ഭാഷയിൽ വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച ആദ്യഘട്ടം മുതൽ യുദ്ധം ലബനാനിലേക്ക് വ്യാപിക്കുമെന്ന് ഖത്തർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കാനുമുള്ള മധ്യസ്ഥ ശ്രമം അവസാന ഘട്ടം വരെ ഖത്തർ തുടരും -അമീർ പറഞ്ഞു.
ഏഷ്യ കോഓപറേഷൻ ഡയലോഗ് (എ.ഡി.സി) ഉച്ചകോടിയിൽ പങ്കെടുക്കാനായി ദോഹയിലെത്തിയ ഇറാൻ പ്രസിഡന്റ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈൽ പാലസിൽ കൂടിക്കാഴ്ച നടത്തി. മധ്യപൂർവേഷ്യയിലെ പുതിയ സംഘർഷ സാഹചര്യങ്ങൾക്കിടയിലാണ് ഇറാൻ പ്രസിഡന്റ് ദോഹയിലെത്തിയത്. ഒരു വർഷത്തിലേക്ക് നീളുന്ന ഇസ്രായേലിന്റെ ഗസ്സ ആക്രമണവും ലബനാനിലേക്ക് വ്യാപിച്ച യുദ്ധവും ബുധനാഴ്ച രാത്രിയിൽ ഇസ്രായേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണവുമായി മേഖല യുദ്ധഭീതിയിൽ നിൽക്കെയാണ് പെസഷ്കിയാന്റെ ദോഹ സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി ഇറാനും ഖത്തറും വിവിധ കരാറുകളിൽ ഒപ്പുവെക്കുമെന്ന് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകളിലെ കരാറുകളിലാണ് ഒപ്പുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.