യു.എൻ.ഏജൻസിക്കെതിരായ ഇസ്രായേൽ നീക്കം; അപലപിച്ച് ഖത്തർ
text_fieldsദോഹ: അധിനിവേശ സേനയുടെ ആക്രമണങ്ങളിൽ ജീവിതം ദുസ്സഹമായ ഫലസ്തീനികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകരപട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇസ്രായേൽ ശ്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. ഏജൻസിയുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുകയും പ്രവർത്തനങ്ങളെ കുറ്റകരമാക്കി മാറ്റുകയും ചെയ്തുകൊണ്ട് മാനുഷിക സഹായങ്ങൾ നൽകുന്ന സംവിധാനത്തെ നശിപ്പിക്കാനാണ് ഇസ്രായേലിന്റെ ശ്രമം.
യുദ്ധ മുഖത്ത് ഒരുപിടി മാനുഷിക സഹായങ്ങൾ നൽകി, ഗസ്സക്കാരുടെ ജീവൻ പിടിച്ചു നിർത്താൻ സഹായിക്കുന്ന ഏജൻസിയെ ഇല്ലായ്മ ചെയ്യാനുള്ള പ്രചാരണമാണ് ഇസ്രായേൽ നടത്തുന്നത് -ഖത്തർ വിദേശകര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഗസ്സയിലെ ദശലക്ഷം മനുഷ്യർക്കും, വെസ്റ്റ്ബാങ്ക്, ജോർഡൻ, സിറിയ, ലെബനാൻ തുടങ്ങിയ രാജ്യങ്ങളിലും അവശ്യസേവനങ്ങൾ നൽകുന്ന ഏജൻസിക്കെതിരായ ഇസ്രായേലിന്റെ ശ്രമത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. യു.എൻ.ആർ.ഡബ്ല്യു.എയെ ‘ഭീകര സംഘടന’യായി പ്രഖ്യാപിക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ് ഇസ്രായേൽ നടത്തുന്നത്. ഇതു സംബന്ധിച്ച് ബില്ലിന് അംഗീകാരം നൽകാനുള്ള പ്രാഥമിക പ്രമേയം ഇസ്രായേൽ പാർലമെൻറ് കഴിഞ്ഞദിവസം പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.