മാനവിക സൗഹാർദം ഊട്ടിയുറപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യത -പ്രവാസി സംഘടന നേതാക്കൾ
text_fieldsദോഹ: പാരമ്പര്യമായി കേരളീയ പൊതുസമൂഹം കാത്തുസൂക്ഷിക്കുന്ന സാഹോദര്യവും മാനവിക സൗഹാർദവും നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഖത്തറിലെ വിവിധ പ്രവാസി സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു. ഖത്തർ ഐ.സി.എഫ് സൗഹൃദ ചായ എന്ന പ്രമേയത്തിൽ കാലിക്കറ്റ് നോട്ട് ബുക്ക് ഓഡിറ്റോറിയത്തിൽ നടത്തിയ സ്നേഹവിരുന്നിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നേതാക്കൾ. സുഖത്തിലും ദുഃഖത്തിലും ചേർത്തുപിടിക്കാൻ ചുറ്റും കുറെ മനുഷ്യരുണ്ടായിരുന്ന പഴയകാല സ്മരണകൾ പങ്കുവെക്കുകയും ആ സ്നേഹവും സൗഹാർദവും പുതുതലമുറയിലേക്കുകൂടി കൈമാറുകയും ചെയ്യുക എന്നതായിരുന്നു സൗഹൃദ ചായയുടെ ലക്ഷ്യം. മനുഷ്യനും മനസ്സിനും ചുറ്റുമതിലുകൾ സൃഷ്ടിക്കപ്പെടുകയും ഓരോരുത്തരും അവരിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന ഈ കാലത്ത് പഴയകാലത്തെ ഊഷ്മളമായ കുടുംബ അയൽപക്ക സാഹോദര്യ ബന്ധങ്ങളുടെ അനുഭവങ്ങൾ ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ പങ്കുവെച്ചു.
ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് വി. നായർ സൗഹൃദ ചായ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ജനറൽ സെക്രട്ടറി ഡോ. ബഷീർ പുത്തൂപാടം വിഷയം അവതരിപ്പിച്ചു. ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കളായ എസ്.എ.എം. ബഷീർ (കെ.എം.സി.സി), എ. സുനിൽ കുമാർ (ലോക കേരളസഭ മെംബർ), വി.സി. മശ്ഹൂദ് (പ്രവാസി കോഓഡിനേഷൻ കമ്മിറ്റി), ജൂട്ടാസ് പോൾ (ഐ.സി.സി മുൻ സെക്രട്ടറി), അബ്ദുൽ റൗഫ് കൊണ്ടോട്ടി (ലോക കേരളസഭ മെംബർ), വി.എസ്. അബ്ദുൽ റഹ്മാൻ (ഇൻകാസ്), ഖലീൽ പരീദ് (യൂനിറ്റി ഖത്തർ), ഓമനക്കുട്ടൻ ( ഇന്ത്യൻ മീഡിയ ഫോറം), രാജേഷ് കുമാർ (യുവകലാസാഹിതി), അച്ചു ഉള്ളാട്ടിൽ (ഡോം ഖത്തർ), പ്രദോഷ് ( അടയാളം ഖത്തർ), ജേക്കബ് മാത്യു (പ്രിൻസിപ്പൽ, ഒലിവ് സ്‌കൂൾ), സന്തോഷ് (ഖത്തർ ട്രിബ്യൂൺ), റിജിൻ പള്ളിയത്ത് (കുവാഖ് ഖത്തർ), സിറാജ് സിറു (ഫോക് ഖത്തർ), അബ്ദുൽ റസാഖ് മുസ്‌ലിയാർ (ഐ.സി.എഫ്), ഷഫീഖ് കണ്ണപുരം (ആർ.എസ്.സി), ഉമർ കുണ്ടുതോട് തുടങ്ങിയവർ സംസാരിച്ചു. കഫീൽ പുത്തൻപള്ളി അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.