തണുപ്പേറും
text_fieldsദോഹ: സെറ്ററും തണുപ്പുകുപ്പായങ്ങളും സജ്ജീകരണങ്ങളുമൊന്നും ഇനി കുറച്ചുകാലം മറക്കേണ്ട. കണ്ടതൊന്നുമല്ല തണുപ്പ്. വരാനിരിക്കുന്നത് കഠിനമായ തണുപ്പിന്റെ കാലമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം. വരും ദിവസങ്ങളിൽ രാജ്യത്തെ അന്തരീക്ഷ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നാണ് ഏറ്റവും പുതിയ പ്രവചനം. വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കുന്നതിലാണ് മഴക്കു പിന്നാലെ കാലാവസ്ഥയിലെ പ്രധാന മാറ്റം അനുഭവപ്പെടുന്നതെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. 10 മുതൽ 17 ഡിഗ്രി വരെയാവും ഏറ്റവും കുറഞ്ഞ താപനില. കൂടിയ താപനില 18 മുതൽ 24 ഡിഗ്രിവരെയെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്തിന്റെ തെക്ക്, ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രിയിലും താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. അടുത്തയാഴ്ചകളിലും ഈ കാലാവസ്ഥ തുടരുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തണുപ്പ് ശക്തമാവുമെന്നും അറിയിച്ചു. ഈ ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. കാഴ്ചപ്പരിധി കുറയാനും ഇടയുണ്ടെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയിലായിരുന്നു നീണ്ട ഇടവേളക്കുശേഷം ഖത്തറിന്റെ എല്ലാ ഭാഗങ്ങളെയും നനച്ചുകൊണ്ട് ശക്തമായ മഴയെത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ മഴപെയ്തതിനു പിന്നാലെയാണ് തണുപ്പും കാറ്റും ശക്തമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.