ജപ്പാൻ പടയിറങ്ങി
text_fieldsദോഹ: പന്തുരുളാൻ ഒരാഴ്ച ബാക്കിനിൽക്കെ കിരീട പ്രതീക്ഷകളുടെ ചുമടുമായി വൻകരയിലെ സൂപ്പർ പവറായ ജപ്പാൻ ഏഷ്യൻ കപ്പിന്റെ പോരാട്ട ഭൂമിയിലെത്തി. കോച്ച് ഹജിമെ മൊരിയാസുവിന്റെ നേതൃത്വത്തിലുള്ള ജപ്പാൻ ടീമിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. ഏഷ്യൻ കപ്പ് സംഘാടകരും ഖത്തറിലെ ജപ്പാൻ ആരാധകരും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പൂമാലകൾ നൽകിയായിരുന്നു വരവേറ്റത്.
ടീം പ്രഖ്യാപനവും കഴിഞ്ഞ് തായ്ലൻഡിനെതിരായ സന്നാഹ മത്സരത്തിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആവേശവുമായാണ് ജപ്പാന്റെ വരവ്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ലീഗുകളിൽ കളിക്കുന്ന താരങ്ങളുൾ ഉൾപ്പെടെ ടീമിനെ കോച്ച് ഹജിമെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പരിക്കു കാരണം ആറാഴ്ചയോളം പുറത്തിരുന്ന ബ്രൈറ്റൺ വിങ്ങർ കൗറു മിതോമ ഉൾപ്പെടെയുള്ളവരുമായാണ് ടീം ദോഹയിലെത്തിയത്. ലിവർപൂൾ മധ്യനിര താരവും നായകനുമായ വതാരു എൻഡോ, ആഴ്സണൽ ഡിഫൻഡർ തകേഹിരോ തൊമിയാസു, റയൽ സൊസിഡാഡിന്റെ തകേഫുസ കുബോ എന്നിവർ ഉൾപ്പെടെ സീനിയർതാരങ്ങളും ടീമിലുണ്ട്. ഏഷ്യൻ കപ്പിനുള്ള വിയറ്റ്നാം ടീമും വെള്ളിയാഴ്ച ദോഹയിലെത്തി. ജോർഡൻ, ലെബനാൻ, ഫലസ്തീൻ, സൗദി, ഉസ്ബെകിസ്താൻ, മലേഷ്യ, ഇന്ത്യ ടീമുകൾ നേരത്തെ തന്നെ ദോഹയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.