ജപ്പാൻ സജ്ജമാണ്; എന്തിനുമൊരുങ്ങി കോച്ചും
text_fields
ദോഹ: ജനുവരിയിൽ ഖത്തറിന്റെ മണ്ണിൽ കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിനെത്തുന്ന 24 ടീമുകളിൽ കിരീട ഫേവറിറ്റുകൾ എന്നനിലയിൽ മുൻനിരയിലുള്ളവരാണ് സാമുറായ് പട. ഒരുവർഷം മുമ്പ് ഇതേ മണ്ണിലെ ലോകകപ്പ് വേദിയിൽ അതിശയകരമായ പ്രകടനത്തിലൂടെ ആരാധകരുടെ കൈയടി നേടിയ ജപ്പാന് ഇത്തവണ വൻകരയുടെ പോരാട്ടത്തിനായി തിരികെയെത്തുമ്പോൾ പ്രതീക്ഷകൾ വലുതാണ്.
ഏഷ്യൻ കപ്പിനെത്തുന്ന ടീമുകളിൽ മിടുക്കരാണ് ജപ്പാൻ എന്നതിനൊപ്പം പരിശീലകൻ ഹജിമെ മൊറിയാസുവും കോച്ചുമാരിലെ സൂപ്പർതാരമാണ്.
ഒരുമാസം മാത്രം മുന്നിലുള്ള ചാമ്പ്യൻഷിപ്പിൽ ടീമിന് കിരീടത്തിൽ കുറഞ്ഞ പ്രതീക്ഷകളൊന്നുമില്ലെന്നാണ് കോച്ച് മൊരിയാസു പറഞ്ഞുവെക്കുന്നത്. ‘ഏത് സാഹചര്യത്തെയും നേരിടാൻ ഞങ്ങൾ സജ്ജരാണ്’ എന്നായിരുന്നു അവസാനവട്ട തയാറെടുപ്പുകൾക്കിടെ കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി സംസാരിക്കവെ കോച്ച് മനസ്സു തുറന്നത്.
ലോകകപ്പ് ഫുട്ബാളിൽ ജർമനിയും സ്പെയിനും ഉൾപ്പെടുന്ന ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ പ്രീക്വാർട്ടറിൽ ഇടംപിടിച്ച അതേ പോരാട്ടവീര്യം ഒരു വർഷത്തിനിപ്പുറവും ടീമിനൊപ്പമുണ്ട്. അന്ന് പ്രീക്വാർട്ടറിൽ ക്രൊയേഷ്യക്ക് മുന്നിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങിയില്ലെങ്കിൽ ജപ്പാന്റെ കുതിപ്പിന് കൂടുതൽ ആയുസ്സുണ്ടാകുമായിരുന്നു.
ലോകകപ്പിന് പിന്നാലെ മികച്ച വിജയങ്ങളുമായി കുതിച്ച ടീം, നിലവിൽ അവസാനം കളിച്ച എട്ട് കളിയിലും മികച്ച ജയം നേടിയാണ് ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. ജർമനിയെ 4-1നും തുർക്കിയെ 4-2നും കാനഡയെ 4-1നും തോൽപിച്ചതുൾപ്പെടെ മികച്ച റെക്കോഡുകളാണ് അഞ്ചു മാസത്തിനിടയിലെ ഫലങ്ങൾ. ഏഷ്യൻ കപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് തായ്ലൻഡിനെതിരെ നടക്കുന്ന സന്നാഹ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് കോച്ച് മൊരിയാസു കച്ചമുറുക്കിയതായി അറിയിക്കുന്നത്. 23 അംഗ സംഘത്തിൽ 15 പേരും യൂറോപ്യൻ ക്ലബുകളിലെ താരങ്ങളാണ്.
അതേസമയം, ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബ് ലിവർപൂളിന്റെ വതാരു എൻഡോ, ബ്രൈറ്റണിന്റെ കൗരു മിതോമ എന്നിവർ ടീമിലില്ല. ഈ മത്സരത്തിന് പിന്നാലെയാകും ഏഷ്യൻ കപ്പിനുള്ള അന്തിമ ടീമിനെ കോച്ച് പ്രഖ്യാപിക്കുന്നത്. ‘ആദ്യ കളിയിൽതന്നെ മികച്ച ടീമായി തുടങ്ങാനാണ് ഞങ്ങളുടെ തയാറെടുപ്പ്. ഓരോ മത്സരത്തിലും മെച്ചപ്പെട്ട് മുന്നേറണം. ഒപ്പം, പരിക്കുകളും മറ്റ് കാര്യങ്ങളും നേരിടാനും കഴിയണം. ശാരീരിക മികവും ഗെയിം പ്ലാനും പ്രധാനമാണ്.
എന്നാൽ, എല്ലാത്തിലുമുപരി ടൂർണമെന്റിലെ ഏത് സാഹചര്യവും നേരിടാൻ കഴിയുംവിധം ടീമിന്റെ മാനസിക കരുത്ത് സ്വന്തമാക്കുകയാണ്’ -കോച്ച് പറഞ്ഞു. യൂറോപ്പിൽ കളിക്കുന്ന എല്ലാവരെയും സന്നാഹ മത്സരത്തിലേക്ക് വിളിച്ചിട്ടില്ലെങ്കിലും ഫ്രഞ്ച്, ജർമൻ, ബെൽജിയം, ഡച്ച് ക്ലബുകളിലെ തങ്ങളുടെ താരങ്ങളോട് ചേരാൻ കോച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മൊണാകോയുടെ പ്ലേ മേകർ തകുമി മിനാമിനോ, ബൊറൂസിയ മൊൻഷൻഗ്ലാഡ്ബാഹ് ഡിഫൻഡർ കൂ ഇതാകുര, ഫെയ്നൂർദിന്റെ അയാസെ യുദെ എന്നിവർ ടീമിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.