ജറൂസലം: യു.എൻ സുരക്ഷാ സമിതി തീരുമാനത്തിൽ മന്ത്രിസഭക്ക് ദുഃഖം
text_fieldsദോഹ: ജറൂസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള അമേരിക്കൻ ഭരണകൂടത്തിെൻറ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭ രക്ഷാസമിതിക്ക് മുമ്പാകെ അറബ് സംഘം നൽകിയ കരട് പ്രമേയത്തിൽ അനുയോജ്യമായ തീരുമാനമെടുക്കാത്തതിൽ ഖത്തർ മന്ത്രിസഭായോഗം ദുഖവും ആശങ്കയും രേഖപ്പെടുത്തി. അതേസമയം, ജറൂസലം വിഷയത്തിൽ അമേരിക്കൻ തീരുമാനത്തിനെതിരെ ഒന്നിച്ച് നിലകൊള്ളാനുള്ള അറബ്, ഇസ്ലാമിക് രാഷ്ട്ര സഹകരണ സമിതിയുടെ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്യുകയും ചെയ്തു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജറൂസലം വിഷയത്തിൽ അസാധാരണ ഉച്ചകോടി നടത്തുന്നതിന് ഒ.ഐ.സിയുടെ തീരുമാനത്തെയും മന്ത്രിസഭ പ്രശംസിച്ചു. ഡിസംബർ 13ന് ഇസ്തംബൂളിൽ നടന്ന ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തിരുന്നു.
ജറൂസലം പ്രതിസന്ധിയിൽ അമേരിക്കൻ തീരുമാനത്തിനെതിരെ മുസ്ലിം ലോകത്തെ ഒന്നിപ്പിക്കുന്നതിലും ഒ.ഐ.സി ഉച്ചകോടി വിളിച്ചുചേർക്കുന്നതിലും മുഖ്യപങ്ക് വഹിച്ച തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാനെ യോഗത്തിൽ ഖത്തർ ആക്ടിംഗ് ക്യാബിനറ്റ് സഹമന്ത്രിയും നീതിന്യായ മന്ത്രിയുമായ ഡോ. ഹസൻ ബിൻ ലഹ്ദാൻ അഭിനന്ദിച്ചു.
അമേരിക്കൻ തീരുമാനത്തിനെതിരെ രൂപപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര അഭിപ്രായ ഐക്യം ഭാവിയിൽ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുമെന്ന് മന്ത്രിസഭ പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കൻ തീരുമാനത്തിനെതിരെ സമാധാനമായി പ്രതിഷേധിക്കുന്ന ഫലസ്തീൻ ജനതക്ക് നേരെയുള്ള ഇസ്രയേൽ സേനയുടെ അതിക്രമങ്ങൾക്കെതിരെയും അൽ അഖ്സ പള്ളിയുടെ പരിശുദ്ധി കളങ്കപ്പെടുത്തുന്ന ഇസ്രയേൽ അധിനിവേശ സേനയുടെയും കുടിയേറ്റക്കാരുടെയും അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.