ആഭരണ പ്രേമികളെ ആകർഷിച്ച് ദോഹയിൽ ജ്വല്ലറി എക്സിബിഷൻ
text_fieldsദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 19ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിൽ സന്ദർശകരുടെ തിരക്കേറുന്നു. തിങ്കളാഴ്ച ആരംഭിച്ച പ്രദർശനത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിൽ ഖത്തറിൽ നിന്നും വിവിധ രാജ്യങ്ങളിൽനിന്നുമായി ആയിരക്കണക്കിന് ആഭരണ പ്രേമികളാണ് എത്തിയത്.
സ്വർണവും വെള്ളിയും വജ്രവും ഉൾപ്പെടെയുള്ള ആഭരണങ്ങൾ സ്വന്തമാക്കാനും കാണാനുമായി വരും ദിവസങ്ങളിലും ആയിരങ്ങൾ പ്രദർശന വേദിയിലെത്തും. ബുധനാഴ്ച രാവിലെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എക്സിബിഷൻ കേന്ദ്രത്തിലെത്തി. പ്രദർശനത്തിലെ വിവിധ പവലിയനുകളിൽ പര്യടനം നടത്തിയ അമീർ, ഖത്തറിലെയും ആഭരണങ്ങൾ, വാച്ചുകൾ, രത്നങ്ങൾ എന്നിവയുടെ നിർമാണത്തിലെ പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെയും ഏറ്റവും പുതിയ ഡിസൈനുകൾ നോക്കിക്കാണുകയും ചെയ്തു.
എക്സിബിഷനിൽ പങ്കെടുക്കുന്ന ഖത്തരി ഡിസൈനർമാർ തങ്ങളുടെ ഡിസൈനുകൾ സംബന്ധിച്ച് അമീറിന് വിവരിച്ചു നൽകി. ലോകോത്തര ബ്രാൻഡുകളുമായി 19ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ (ഡി.ജെ.ഡബ്ല്യു.ഇ) പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയാണ് ഉദ്ഘാടനം ചെയ്തത്.
പ്രാദേശികവും അന്തർദേശീയവുമായ ഡിസൈനർമാരുമായി 500ലധികം ബ്രാൻഡുകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 25 വരെ നടക്കുന്ന പ്രദർശനത്തിൽ 30000ത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഖത്തരി ഡിസൈനർമാർക്ക് അവരുടെ ക്രാഫ്റ്റ് പ്രദർശിപ്പിക്കാനുള്ള ഒരു വിഭാഗവും ഇത്തവണ പ്രദർശനത്തിനുണ്ട്. പാപ്പിലോൺ ജ്വല്ലറി, ഡിട്രോവ്, ഹെസ്സ ജ്വല്ലറി, മാറ്റർ ജ്വല്ലറി തുടങ്ങിയ ആഭരണ നിർമാതാക്കൾ അറേബ്യൻ പ്രചോദിതമായ ഡിസൈനുകളാണ് പ്രദർശിപ്പിക്കുന്നത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 12 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി 10 വരെയും ശനിയാഴ്ച ഉച്ചക്ക് 12 മുതൽ രാത്രി 10 വരെയുമാണ് പ്രദർശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.