പ്രവാസികൾക്ക് കേരളം ഭവനപദ്ധതി തയാറാക്കണമെന്ന് ജെ.കെ. മേനോൻ
text_fieldsദോഹ: പ്രവാസികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭവനപദ്ധതി തയാറാക്കണമെന്ന് നോര്‍ക്ക ഡയറക്ടറും ഖത്തറിലെ എ.ബി.എന്‍ കോര്പറേഷന് ചെയര്‍മാനുമായ ജെ.കെ. മേനോന്. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ പ്രവാസികളുടെ ക്ഷേമത്തിന് മൂന്നു പ്രധാന പദ്ധതികള്‍ അദ്ദേഹം സമ്മേളനം മുമ്പാകെ അവതരിപ്പിച്ചു.
ഭവന പദ്ധതി, പ്രവാസികള്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളില്‍ നിക്ഷേപത്തിന് അവസരം എന്നീ മൂന്ന് പ്രധാന കർമപദ്ധതികളാണ് മൂന്നാം ലോക കേരള സഭയുടെ സമീപനരേഖ സംബന്ധിച്ച ചര്‍ച്ചയില്‍ ജെ.കെ. മേനോന് അവതരിപ്പിച്ചത്. പല പ്രവാസികളും നേരിടുന്ന പ്രശ്നമാണ് ഭവന നിര്‍മാണ വായ്പകളിന്മേലുള്ള നിയമക്കുരുക്ക്. ബാങ്കുകളുടെ സാങ്കേതികത്വത്തില്‍ പലപ്പോഴും വീടെന്ന സ്വപ്നം യാഥാർഥ്യമാകാത്ത ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡുമായി സഹകരിച്ച് ഭവനപദ്ധതി തയാറാക്കിയാല്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസം ലഭിക്കുമെന്ന് ജെ.കെ. മേനോന് പറഞ്ഞു.
പ്രവാസികളില്‍ ഏറിയ പങ്കും ദീര്‍ഘകാലം വിദേശത്ത് തൊഴില്‍ ചെയ്യുന്നുണ്ട്. പക്ഷേ, അവരുടെ വരുമാനം കേവലം സ്ഥലം വാങ്ങുക, വീടുവെക്കുക എന്നിവയില്‍ മാത്രമായി ഒതുങ്ങുകയാണ്. കാര്യമായ നിക്ഷേപമോ സാമ്പത്തിക പിന്‍ബലമോ അതുകൊണ്ട് തന്നെ പല പ്രവാസികള്‍ക്കും ഇല്ലാതെപോകുന്നു. ഇത്തരത്തില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഭാവികാലത്തെ ഭദ്രമാക്കുന്ന നിക്ഷേപ പദ്ധതികളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനുള്ള പദ്ധതി തയാറാക്കണമെന്നും ജെ.കെ. മേനോന് ലോക കേരള സഭയില്‍ ആവശ്യപ്പെട്ടു.
നിക്ഷേപ സാധ്യതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികള്‍ക്കാണ് നാം പ്രാമുഖ്യം നല്‍കേണ്ടത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധനകാര്യ ഏജന്‍സികള്‍ കൂടുതല്‍ മികച്ച പദ്ധതികള്‍ തയാറാക്കണം. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളിന്മേല് നിക്ഷേപത്തിന് സാധ്യതയുണ്ടാക്കിയാല് നഷ്ടത്തിലായ പല കോര്‍പറേഷനുകളും ലാഭത്തിലാകുമെന്നും പ്രവാസികള്‍ക്ക് അത് ഗുണകരമാകുമെന്നും ജെ.കെ. മേനോന് വിശദമാക്കി. വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സ-അപകടം-മരണം തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ ഇന്‍ഷുറന്‍സ് കവറേജാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നതെന്നും ജെ.കെ. മേനോന് വ്യക്തമാക്കി.
ലോക കേരള സഭയില്‍നിന്ന് ചിലര്‍ വിട്ടുനിന്നത് പ്രവാസികളായ തങ്ങള്‍ക്ക് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികളോട് ഏറ്റവും അനുഭാവപൂര്‍ണമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനുള്ളത്. കേരളത്തിന്റെ വളര്‍ച്ചക്ക് കൂടുതല്‍ കരുത്തേകാന്‍ ലോക കേരള സഭക്ക് കഴിയട്ടെയെന്ന് ജെ.കെ. മേനോന് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.