തൊഴിൽ പരിഷ്കരണം: ആംനസ്റ്റിയെ തള്ളി ഖത്തർ
text_fieldsദോഹ: തൊഴിൽ നിയമ പരിഷ്കരണങ്ങൾ പ്രയോഗവത്കരിക്കുന്നതിൽ ഖത്തർ പരാജയപ്പെട്ടുവെന്ന ആംനസ്റ്റി ഇൻറർനാഷനലിെൻറ ആരോപണങ്ങൾ തള്ളി ഖത്തർ. 'റിയാലിറ്റി ചെക്ക് 2021: എ ഇയർ ടു 2022' എന്ന പേരിൽ ആംനസ്റ്റി ഇൻറർനാഷനൽ പുറത്തിറക്കിയ റിപ്പോർട്ട് തെറ്റും അവാസ്തവവുമാണെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
2020 സെപ്റ്റംബറിൽ തൊഴിൽ മാറുന്നത് സംബന്ധിച്ച തടസ്സങ്ങൾ നീക്കിയതിനു ശേഷം ഇതുവരെയായി 2,42,870 പേർ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറിയതും തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചതിലൂടെ പുതിയ മിനിമം വേതന നിയമപ്രകാരം നാല് ലക്ഷത്തിലധികം പേർ നേരിട്ട് ഗുണഭോക്താക്കളായതും ആംനസ്റ്റി റിപ്പോർട്ട് കണ്ടില്ലെന്ന് തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.
എക്സിറ്റ് പെർമിറ്റ് നീക്കം ചെയ്തതിനുശേഷം ലക്ഷക്കണക്കിന് തൊഴിലാളികളും ജീവനക്കാരുമാണ് തൊഴിലുടമയുടെ അനുമതി കൂടാതെ ഖത്തറിന് പുറത്തു പോയതും തിരികെ വന്നതുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വേതന സംരക്ഷണ സംവിധാനം (വേജ് െപ്രാട്ടക്ഷൻ സിസ്റ്റം) വഴി 96 ശതമാനം പേർക്കും തങ്ങളുടെ വേതനം കൃത്യമായി ലഭിക്കുന്നുവെന്നും കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലാരംഭിച്ച ഖത്തർ വിസ സെൻററുകൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടികൾ ഗണ്യമായി കുറച്ചുവെന്നും മന്ത്രാലയം വിശദീകരിച്ചു.
തൊഴിലാളികൾക്ക് മികച്ച തൊഴിൽ ജീവിത സാഹചര്യം ഉറപ്പുനൽകുന്ന നിയമങ്ങൾ നടപ്പിലാക്കാത്ത തൊഴിലുടമകൾക്കെതിരെയും കമ്പനികൾക്കെതിരെയും നിയമനടപടികൾ കർശനമാക്കിയിട്ടുണ്ട്.
തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി മന്ത്രാലയത്തിൽ കൂടുതൽ ഇൻസ്പെക്ടർമാരെയും നിയമിച്ചുകൊണ്ടിരിക്കുന്നു.
നിയമലംഘകരെ തൊഴിൽ കോടതികൾക്കു മുമ്പാകെ ഹാജരാക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം ആദ്യ പകുതിയിൽ മാത്രം 35,280 പരിശോധനകൾ മന്ത്രാലയത്തിന് കീഴിൽ നടത്തുകയും 13,724 നിയമലംഘനങ്ങൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു.
പുതിയ തൊഴിൽ നിയമങ്ങൾ സംബന്ധിച്ച് തൊഴിലുടമകൾക്കും തൊഴിലാളികൾക്കുമിടയിൽ ബോധവത്കരണം നടത്തുന്നതിനായി 4840 സന്ദർശനങ്ങളും നടത്തി. തൊഴിൽ നിയമ പരിഷ്കരണത്തിൽ ഖത്തറിന് ഒളിച്ചുവെക്കാനില്ലെന്നും കുടിയേറ്റ തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണ്.
കുറഞ്ഞ സമയത്തിനുള്ളിൽ നിയമപരിഷ്കരണം നടപ്പിലാക്കുന്നതിൽ ഖത്തർ മാതൃകയാണെന്നും മേഖലയിൽ ഖത്തറിെൻറ മാതൃക പിൻപറ്റാൻ മറ്റു രാജ്യങ്ങൾ നിർബന്ധിതമായിരിക്കുകയാണെന്നും തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആംനസ്റ്റി ഇൻറർനാഷനലിെൻറ റിപ്പോർട്ടിനെ പൂർണമായും തള്ളിക്കളയുകയാണെന്നും തൊഴിൽ മേഖലയിലെ പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.