ജോൺ എബ്രഹാം പുരസ്കാര സമർപ്പണം ഞായറാഴ്ച കോഴിക്കോട്ട്
text_fieldsദോഹ: ഖത്തറിലെ പ്രവാസി സാംസ്കാരിക സംഘടനയായ ജോൺ എബ്രഹാം സാംസ്‌കാരിക വേദിയുടെ 2019ലെ പ്രവാസി അവാർഡ്, ചലച്ചിത്ര സംവിധായകൻ മനോജ് കാനക്ക് കോഴിക്കോടുവെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾമൂലം നീണ്ടുപോയ 2019ലെ അവാര്‍ഡ് ദാന ചടങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. ചടങ്ങിൽ വി.കെ. ശ്രീരാമൻ ജോൺ അനുസ്മരണ പ്രഭാഷണവും നടത്തും. ജൂറി പ്രതിനിധി ജി.പി. രാമചന്ദ്രൻ സദസ്സിനെ അഭിസംബോധന ചെയ്യും.
ജി.പി. രാമചന്ദ്രൻ, സി.എസ്. വെങ്കിടേശ്വരൻ, വി.ടി. മുരളി, നവാസ് പൂനൂർ, ബീജ വി.സി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കെ. അജിത, ശോഭീന്ദ്രൻ മാഷ്, കെ.ജെ. തോമസ്, അപ്പുണ്ണി ശശി, സ്കറിയ മാത്യു, ബൈജു മേരിക്കുന്ന്, റിജു ആർ, വി.എ. ബാലകൃഷ്ണൻ, പ്രിയേഷ് കുമാർ തുടങ്ങി നിരവധി പേർ ജോൺ ഓർമ പങ്കിട്ട് സംസാരിക്കും.
ഖത്തറിലെ സഫാരി മാൾ മാനേജിങ് ഡയറക്ടർ സൈനുൽ ആബ്ദീൻ രക്ഷാധികാരിയും അൻവർ ബാബു വടകര ചെയർമാനും ജോപ്പച്ചൻ തെക്കേക്കൂറ്റ് കൺവീനറും ശ്രീകല പ്രകാശൻ ട്രഷററുമായാണ് ജോൺ അബ്രഹാം സാംസ്കാരിക വേദി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.