ജോർഡന്റെ അത്ഭുതക്കുതിപ്പ്
text_fieldsദോഹ: ഫുട്ബാൾ വിശകലന വിദഗ്ധർക്കും ആരാധകർക്കും ഒരു പഠനവിഷയമാണ് ജോർഡൻ ഫുട്ബാൾ. ഏഷ്യൻ കപ്പിൽ ഫൈനലിസ്റ്റുകൾ ആരാകുമെന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം രാത്രി വരെ എവിടെയുമില്ലായിരുന്നു ജോർഡൻ എന്ന പേര്. ദക്ഷിണ കൊറിയ, ജപ്പാൻ, ആസ്ട്രേലിയ, ഇറാഖ്, സൗദി അറേബ്യ... വമ്പന്മാരുടെ പേരുകൾ മാത്രം പ്രവചിച്ചുകേട്ടിടത്തേക്കാണ് ചൊവ്വാഴ്ച രാത്രി വരെ നീണ്ട മാസ്മരിക പ്രകടനവുമായി ജോർഡൻ കുതിച്ചെത്തിയത്. ഫുട്ബാൾ എഴുത്തുകാർ മാത്രമല്ല, സ്വന്തം നാട്ടുകാരായ കാണികൾക്കുപോലും അതിശയമായി മാറിയ കുതിപ്പിനൊടുവിൽ ജോർഡൻ കലാശപ്പോരാട്ടത്തിന് ഇടംനേടുമ്പോൾ അവരുടെ കിരീടസ്വപ്നവും സജീവമാണ്.
ഗ്രൂപ് റൗണ്ടിൽ മൂന്നാം സ്ഥാനക്കാരിൽ ഒരാളായാണ് ജോർഡൻ നോക്കൗട്ട് കടമ്പ കടന്നത്. ബഹ്റൈനും ദക്ഷിണ കൊറിയക്കും പിന്നിൽ മൂന്നാം സ്ഥാനക്കാരായി അവർ പ്രീക്വാർട്ടർ പ്രവേശനം നേടുമ്പോൾ സ്വന്തം നാട്ടുകാർപോലും അവരുടെ ഫൈനൽ കുതിപ്പ് പ്രവചിച്ചില്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പിലും നോക്കൗട്ടിലെ ആദ്യഘട്ടങ്ങളിലും ഗാലറികളിൽ ഇരമ്പാൻ ജോർഡനിൽ നിന്നു നാട്ടുകാരുടെ സാന്നിധ്യവും കുറവായിരുന്നു.
ആദ്യമത്സരത്തിൽ മലേഷ്യയെ 4-0ത്തിന് തോൽപിച്ചവർ, രണ്ടാം അങ്കത്തിൽ ദക്ഷിണ കൊറിയയെ 2-2ന് സമനിലയിൽ തളച്ചതായിരുന്നു ശ്രദ്ധേയമായ നേട്ടം. എന്നാൽ, മൂന്നാം അങ്കത്തിൽ ബഹ്റൈനോട് 1-0ത്തിന് തോറ്റതോടെ എല്ലാ പ്രതീക്ഷയും അകന്നു. ഒടുവിൽ നാലു പോയൻറുമായി, മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒന്നായാണ് പ്രീക്വാർട്ടറിൽ ഇടംനേടുന്നത്. 16 പേരുടെ അങ്കത്തിൽ കരുത്തരായ ഇറാഖിനെ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ പിറന്ന രണ്ടു ഗോളിന്റെ ത്രില്ലർ പോരാട്ടത്തിൽ അട്ടിമറിച്ചതോടെ കളി കാര്യമായി.
ക്വാർട്ടറിൽ അവർ തജികിസ്താനെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നേടുമ്പോൾ ഗാലറിയിൽ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയും പത്നിയും എത്തി ആവേശം നൽകി. ക്വാർട്ടർകൂടി കടന്ന് സെമിയിലെത്തിയപ്പോഴാണ് ജോർഡനിൽ ഹുസൈൻ അമൂതയുടെ കുട്ടികളുടെ യാത്ര സംഭവബഹുലമായത്. ഏഷ്യൻ കപ്പിന്റെ ചരിത്രത്തിൽ ക്വാർട്ടർ ഫൈനലിനപ്പുറം കാണാത്തവർ ചരിത്രംകുറിച്ച് സെമിയിലെത്തിയപ്പോൾ അമ്മാനിൽനിന്നും മറ്റുമായി കാണികൾ ഒഴുകിയെത്തി.
ഗാലറി പിടിച്ച ജോർഡൻ
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞപ്പോൾ മുതൽ മെട്രോകളിൽ അൽറയ്യാനിലേക്കുള്ള ജോർഡൻകാരുടെ സഞ്ചാരമായിരുന്നു. സ്ത്രീകളും പുരുഷന്മാരും വെള്ളത്തുണിയിൽ ചുവപ്പു പുള്ളിയോടെയുള്ള തലപ്പാവായ ‘ഷിമാഗ് കഫിയ്യ’യും അണിഞ്ഞ് ബാൻഡ് വാദ്യം മുഴക്കി സ്റ്റേഡിയത്തിലേക്കുള്ള യാത്രയിൽതന്നെ അവർ കളിയെ നെഞ്ചേറ്റിയെന്നുറപ്പിച്ചിരുന്നു. സൗദിക്കാരും ഇമാറാത്തികളും ഇറാഖികളും പാതിവഴിയിൽ വീണപ്പോൾ ഒഴിഞ്ഞുപോകുമെന്ന് ഭയപ്പെട്ട ഗാലറികൾ പൂർവാധികം കരുത്തോടെ ആരവങ്ങളാൽ നിറഞ്ഞു. 42,000ത്തോളം വരുന്ന ആരാധകർക്കും നടുവിലായിരുന്നു കരുത്തരായ കൊറിയക്കെതിരായ അങ്കത്തിന് വിസിൽ മുഴങ്ങിയത്. പന്തുരുണ്ടുതുടങ്ങി ആദ്യമിനിറ്റ് മുതൽ യസാൻ അൽ നയ്മതും മൂസ അൽ തമാരിയും നടത്തിയ ഓരോ മുന്നേറ്റത്തിനും ഗാലറിയും നിറഞ്ഞ പിന്തുണ നൽകി. ഇതിനിടയിൽ, പതിനായിരത്തിൽ താഴെ മാത്രം വരുന്ന ദക്ഷിണ കൊറിയൻ ആരാധകരുടെ ആരവങ്ങൾ അലിഞ്ഞില്ലാതാവുന്നതും കാഴ്ചയായി.
രണ്ടാം പകുതിയിൽ ഇരട്ട ഗോളടിച്ച് ജോർഡൻ വിജയം ഉറപ്പിച്ച് കളി അവസാനിച്ചതിനു പിന്നാലെ ആഘോഷം സൂഖ് വാഖിഫിലായി. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽനിന്നും കൂട്ടമായി പിരിഞ്ഞ ജോർഡൻ ആരാധകപ്പട ആരവങ്ങളുമായി നിറഞ്ഞ രാത്രിയായി സൂഖ് വാഖിഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.