ജൂഡോ പോരാട്ടത്തിന് തുടക്കം; പൊന്നണിഞ്ഞ് സ്പെയിനും ജപ്പാനും
text_fieldsദോഹ: തലസ്ഥാന നഗരിയിലെ അലി ബിൻ ഹമദ് അൽ അതിയ്യ അറീനയിലെ പല രാജ്യങ്ങളിൽ നിന്നുള്ള കാണികളാൽ നിറഞ്ഞ ഗാലറിക്കു മുന്നിൽ ജൂഡോ ലോക ചാമ്പ്യൻഷിപ് പോരാട്ടങ്ങൾക്ക് തുടക്കമായി. മേയ് 14 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ രണ്ടു വിഭാഗങ്ങളിലെ മത്സരങ്ങളാണ് പൂർത്തിയായത്. പുരുഷ വിഭാഗത്തിൽ 60 കിലോയിലും, വനിതകളിൽ 48 കിലോയിലുമായി രണ്ട് ഘട്ടങ്ങളിലായി മത്സരങ്ങൾ നടന്നു. രാവിലെ 11ന് പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയായ ശേഷം, വൈകുന്നേരം ആറ് മുതലായിരുന്നു ഫൈനൽ റൗണ്ട്.
ആദ്യ ദിനത്തിൽ സ്പെയിനും ജപ്പാനും സ്വർണം നേടിയ പോരാട്ടങ്ങൾ തുടക്കം കുറിച്ചു. പുരുഷ വിഭാഗത്തിൽ സ്പെയിനിന്റെ ഫ്രാൻസിസ്കോ ഗരിഗോസിനായിരുന്നു ആദ്യ സ്വർണം നേടാൻ കഴിഞ്ഞത്. ഉസ്ബകിസ്താന്റെ ദിൽഷോദ്ബെക് ബരതോവ് വെള്ളിയും കൊറിയയുടെ ഹാരിം ലീയും ജോർജിയയുടെ ജോർജിയോ സർദലാവിലിയും വെങ്കലം നേടി.
വനിതകളുടെ 48 കിലോയിൽ ജപ്പാന്റെ നറ്റ്സുമി സുനോഡ സ്വർണം നേടി. ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവായ നറ്റ്സുമി തുടർച്ചയായി മൂന്നാം തവണയാണ് ഇതേ വിഭാഗത്തിൽ സ്വർണം നേടുന്നത്. 2017ൽ വെള്ളി നേടിയ ഇവർ, 2021, 2022 വർഷങ്ങളിൽ സ്വർണം നേടിയിരുന്നു.
ഫ്രാൻസിന്റെ ഷിറിൻ ബൗക്ലി വെള്ളി നേടി. ഇറ്റലിയുടെ അസുന്റ സ്കുട്ടോ, ജപ്പാന്റെ വകാന കോഗോ എന്നിവർ വെങ്കലം നേടി. രണ്ടാം ദിനമായ തിങ്കളാഴ്ച വനിതകളുടെ 52 കിലോയിലും, പുരുഷന്മാരുടെ 66 കിലോയിലും മത്സരങ്ങൾ നടക്കും. വൈകുന്നേരം അഞ്ചു മണിക്കാണ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ചടങ്ങ്. തുടർന്ന് ഫൈനൽ മത്സരങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.