കൊതിച്ചതൊരു മത്സരം; കിട്ടിയത് കളിയുടെ വസന്തോത്സവം...
text_fieldsചെറുപ്പം മുതലേ ഫുട്ബാളിനോട് അടങ്ങാത്ത കമ്പമായിരുന്നു. 2019 ഡിസംബർ ആദ്യവാരം ജോലി ശരിയായി ഖത്തറിലേക്ക് പറക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് മൂന്ന് വർഷങ്ങൾക്കിപ്പുറം നടക്കേണ്ട ലോകകപ്പ് മാമാങ്കമായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ലോകകപ്പ് അവസാനിക്കുന്നതുവരെ ഖത്തറിൽ പിടിച്ചുനിൽക്കണം എന്നായിരുന്നു മനസ്സിൽ. റൊണാൾഡീഞ്ഞോ, കക്ക എന്നിവരിൽനിന്ന് തുടങ്ങി നെയ്മറിൽ വരെ എത്തിനിൽക്കുന്ന ബ്രസീലിയൻ ടീമിനോടായിരുന്നു പ്രണയം. ഒരു ഇന്റർനാഷനൽ ഫുട്ബാൾ മത്സരം പോലും ഇത്രയും നാൾ നേരിൽ കണ്ടിട്ടില്ലായിരുന്നതിനാൽ ലോകകപ്പിൽ ഒരു മത്സരമെങ്കിലും നേരിൽ കാണണമെന്ന മോഹം അത്രയേറെ ആഴത്തിൽ പതിഞ്ഞിരുന്നു.
കഴിഞ്ഞ മാർച്ചിൽ ആദ്യഘട്ട ടിക്കറ്റ് വിൽപനയിൽ റാൻഡം സെലക്ഷൻ ഡ്രോയിലൂടെ രണ്ട് പ്രീക്വാർട്ടർ ടിക്കറ്റുകൾ കിട്ടിയതോടെ ലോകകപ്പ് കാണാമെന്ന മോഹം പൂവണിഞ്ഞുതുടങ്ങി. ശേഷം ഫിഫ വളന്റിയർ ആവണമെന്ന ആഗ്രഹം ഉടലെടുത്തു. നാല് ലക്ഷത്തോളം എൻട്രികളും 70,000ത്തോളം ഡയറക്ട് ഇന്റർവ്യൂസും നടന്ന ഫിഫ വളന്റിയർ സെലക്ഷനിൽ ഞാനും പങ്കെടുത്തു. ഇന്റർവ്യൂവെല്ലാം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം വന്ന ഇ-മെയിലിൽ ആ സന്തോഷ വാർത്ത ഉണ്ടായിരുന്നു. 20,000 ഫിഫ വളന്റിയർമാരിൽ ഞാനും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എനിക്ക് ലഭിച്ച ജോബ് റോൾ കണ്ടപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു.
മെട്രോ, എയർപോർട്ട്, ഫാൻ സോൺസ്, വളന്റിയർ ഹബ്സ് തുടങ്ങി ഖത്തറിലുടനീളം ഫിഫ വളന്റിയർമാർ ഉണ്ടായിരിക്കെ ഏതൊരാളും ആഗ്രഹിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിനകത്ത് ‘സ്പെക്ടേറ്റർ സെർവിസസ്’ റോൾ ആയിരുന്നു എനിക്ക് ലഭിച്ചത്. ഓൺലൈനായും അല്ലാതെയും പതിനാറോളം ട്രെയിനിങ് സെഷനിലൂടെ ഫിഫ ഓരോ വളന്റിയർമാരെയും സജ്ജരാക്കി. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നെത്തുന്ന ആരാധകരെ സ്വീകരിക്കാൻ ഖത്തർ തയാറായിക്കഴിഞ്ഞിരുന്നു.
ലോകകപ്പ് തുടങ്ങുന്നതിനുമുമ്പേ ഉയർന്നു വന്ന വിവാദങ്ങളെയെല്ലാം നിശ്ശബ്ദമാക്കും വിധമായിരുന്നു നവംബർ 20 മുതലുള്ള കാഴ്ചകൾ. ഓരോ സ്റ്റേഡിത്തിലേക്കുമുള്ള വഴികളിൽ ഖത്തരി കുടുംബങ്ങൾ മത്സരങ്ങൾ വീക്ഷിക്കാൻ വരുന്നവരെ സ്വന്തം വീട്ടിലേക്ക് വരുന്ന അതിഥികളെ പോലെ സ്വീകരിക്കുകയും മധുരപാനീയങ്ങളും ഭക്ഷണവും നൽകുകയും ചെയ്യുന്നത് കണ്ണിന് കുളിർമയേകി. മെട്രോ സ്റ്റേഷനുകളിലും സ്റ്റേഡിയം പരിസരങ്ങളിലും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആരാധകർ ഖത്തരികൾക്കുമുന്നിൽ അവരുടെ പരമ്പരാഗത രീതിയിൽ ഷാൾ, മഫ്ത എന്നിവ അണിയിച്ചുകൊടുക്കാൻ കൂട്ടംകൂടി നിൽക്കുന്ന കാഴ്ചകളും കാണാമായിരുന്നു.
രണ്ടാഴ്ച മാത്രം പ്രായമായ കൈക്കുഞ്ഞുമായി മെക്സികോയിൽനിന്ന് വന്ന ഒരമ്മയും ഒമ്പതു മാസം നിറവയറുമായി വന്ന ഒരു സ്ത്രീയും അതിശയമായിരുന്നു. ‘എന്തെങ്കിലും എമർജൻസി സിറ്റുവേഷൻവന്ന് ഇവിടെ വെച്ച് ഡെലിവറി സംഭവിക്കുകയാണെങ്കിൽ എന്റെ കുഞ്ഞിന് ഞാൻ ലുസൈൽ എന്ന് പേരിടും’ എന്ന് തമാശ രൂപേണ ആ സ്ത്രീ പറഞ്ഞത് അത്ഭുതപ്പെടുത്തി. പ്രായമായവരും ഭിന്നശേഷിക്കാരും കാഴ്ചയില്ലാത്തവരും മത്സരങ്ങൾ വീക്ഷിക്കാൻ ഊർജസ്വലരായി സ്റ്റേഡിയത്തിലേക്കുവരുന്നത് കളിയോടുള്ള അവരുടെ ആവേശത്തിന്റെ സാക്ഷ്യമായിരുന്നു.
ഒരു മത്സരമെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിച്ച എനിക്ക് ഈ ലോകകപ്പിൽ ഫൈനൽ, സെമിഫൈനൽ, ക്വാർട്ടർ ഫൈനൽ അടക്കം 12 മത്സരങ്ങൾ ലൈവായി കാണാൻ സാധിച്ചു. പൂ ചോദിച്ചവന് പൂക്കാലം തന്നെ ലഭിച്ചതുപോലൊരു അനുഭവം. ബ്രസീൽ, അർജന്റീന, പോർചുഗൽ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ് തുടങ്ങിയ മുൻനിര ടീമുകളുടെയെല്ലാം ഒന്നിലധികം മത്സരങ്ങൾ വളന്റിയറായും അല്ലാതെയും കണ്ടു. മത്സരങ്ങളിലും സംഘാടന മികവിലും ഒരുപോലെ മികച്ചുനിന്ന, ഇതിലും മനോഹരമായ ഒരു ലോകകപ്പ് ഇതിന് മുമ്പൊന്നും നടന്നിട്ടില്ലെന്ന് കാണികൾ പറഞ്ഞും നേരിട്ടനുഭവിച്ചും മനസ്സിലായ നാളുകളായിരുന്നു അത്..
ലുസൈൽ സ്റ്റേഡിയത്തിൽ ഫൈനൽ മത്സരത്തിനുശേഷം ആരവങ്ങളും അവാർഡ് സെറിമണിയുമെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വെട്ടിത്തിളങ്ങുന്ന ആ സ്റ്റേഡിയത്തെ ഒന്ന് തിരിഞ്ഞുനോക്കി. അപ്പോൾ, അറിയാതെ കണ്ണൊന്നുനിറഞ്ഞു. പ്ലസ്ടു അവസാന പരീക്ഷയും കഴിഞ്ഞ് പെരുവള്ളൂർ സ്കൂളിൽനിന്ന് പുറത്തിറങ്ങിയ പ്രതീതിയായിരുന്നു ആ നേരം. ഒരു മാസം നീണ്ടുനിന്ന ആഘോഷങ്ങൾ ഇനിയില്ല. ഫുട്ബാൾ മത്സരങ്ങൾ, ഫാൻ ഫെസ്റ്റിവൽസ്, ഫാൻ സോൺസ് തുടങ്ങി ഉത്സവച്ചാർത്തിൽ മുങ്ങിയ ആഘോഷ പരിപാടികളുമില്ല.
രാവിലെ മുതൽ ഉച്ച വരെ ഡ്യൂട്ടിയിലും വൈകീട്ടു മുതൽ അർധരാത്രി വരെ സ്റ്റേഡിയത്തിലോ ഫാൻ സോണിലോ ആവേശാരവങ്ങൾക്ക് നടുവിലോ ആയിരുന്ന ഒരു മാസക്കാലം വിടപറഞ്ഞിരിക്കുന്നു. ലോകകപ്പ് ഇനി ഒരോർമ മാത്രം. ഒരിക്കലും മറക്കാത്ത തെളിച്ചമുള്ള ഓർമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.