കെ-റെയില്‍ കേരളത്തിന് യോജിച്ച പദ്ധതിയല്ല -ചർച്ച സംഗമം
text_fieldsദോഹ: ഗുരുതര പാരിസ്ഥിതികാഘാതവും സാമൂഹികാഘാതവും സൃഷ്ടിക്കുകയും വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്യുന്ന കെ-റെയില്‍ പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് കൾചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി 'കെ-റെയില്‍, വികസനമോ വിനാശമോ?' ചര്‍ച്ചസംഗമം അഭിപ്രായപ്പെട്ടു. കേരളത്തിെൻറ ഭൂപ്രകൃതി, ആവാസവ്യവസ്ഥ, അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയൊന്നും പരിഗണിക്കാതെയും കാര്യക്ഷമമായ പഠനങ്ങള്‍ നടത്താതെയും ജനങ്ങളുടെ മേല്‍ അടിച്ചേൽപിക്കാന് പോകുന്ന പദ്ധതിയെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. നിലവിലെ റെയില്‍വേ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയും കൂടുതല്‍ ട്രെയിനുകള്‍ ലഭിക്കാനുള്ള അടിയന്തര ഇടപെടലുകൾ നടത്തുകയും ചെയ്താൽതന്നെ കേരളത്തിലെ യാത്രാപ്രശ്നങ്ങൾ കുറെ പരിഹരിക്കാൻ സാധിക്കും. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്ത് ഏഴു മീറ്റർ ഉയരത്തിൽ പാറയിട്ട് ഉയര്‍ത്തി കേരളത്തെ രണ്ടായി വിഭജിക്കുകയല്ല വേണ്ടത്. ഡി.പി.ആർപോലും പുറത്തുവിടാതെ ജനങ്ങളെ ഇരുട്ടിൽനിർത്തിയല്ല വികസനം നടപ്പാക്കേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ ആമുഖ പ്രഭാഷണം നടത്തി. കെ.എം.സി.സി പ്രതിനിധി ഇ.എ. നാസര്‍, ഇന്‍കാസ് പ്രതിനിധി നൗഷാദ് പയ്യോളി പദ്ധതി കടന്നുപോകുന്ന പ്രദേശത്തുള്ളവരെ പ്രതിനിധാനം ചെയ്ത് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ഷാഹിദ് ചെറിയ കുമ്പളം തുടങ്ങിയവര്‍ സംസാരിച്ചു. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഓൺലൈനിൽ സംസാരിച്ചു. കൾചറൽ ഫോറം ജില്ല വൈസ് പ്രസിഡന്റ് അഫ്സൽ ചേന്ദമംഗലൂർ, സെക്രട്ടറി റഹിം വെങ്ങേരി, മീഡിയ വകുപ്പ് കൺവീനർ റബീഹ് സമാന് തുടങ്ങിവർ പങ്കെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ ആരിഫ് വടകര സ്വാഗതവും കൾചറല്‍ ഫോറം ജില്ല സെക്രട്ടറി റാസിഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.