കാബൂൾ വിമാനത്താവളം ഉടൻ പ്രവർത്തന സജ്ജമാവും -ഖത്തർ വിദേശകാര്യമന്ത്രി
text_fieldsകെ.ഹുബൈബ്
ദോഹ: കാബൂൾ വിമാനത്താവളത്തിൻെറ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ഖത്തർ ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. വിമാനത്താവളത്തിൻെറ പ്രവർത്തനം പുനരാരംഭിക്കാനായി ഖത്തറിൽനിന്നുള്ള സാങ്കേതിക സംഘം കാബൂളിലെത്തിയതായും വൈകാതെതന്നെ നല്ല വാർത്തകൾ കേൾക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ സന്ദർശിക്കുന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഇക്കാര്യം അറിയിച്ചത്.
താലിബാൻെറ അഭ്യർഥനയെ തുടർന്ന് ബുധനാഴ്ചയാണ് ഖത്തറിൽനിന്നുള്ള വിദഗ്ധസംഘം കാബൂളിലെത്തിയത്. ആഗസ്റ്റ് 31ന് അർധരാത്രിയിൽ അവസാന അമേരിക്കൻ സൈനികനും അഫ്ഗാൻ വിട്ടതിനുപിന്നാലെ താലിബാൻെറ നിയന്ത്രണത്തിലാണ് കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളം. കാര്യമായ കേടുപാടുകൾ സംഭവിച്ച വിമാനത്താവളത്തിൻെറ പ്രവർത്തനം വീണ്ടും സാധാരണ ഗതിയിലാക്കാനാണ് ഖത്തറിൻെറ സാങ്കേതിക സംഘം ഇവിടെയെത്തിയത്.
'എത്രയും വേഗത്തിൽ വിമാനത്താവളത്തിൻെറ പ്രവർത്തനം സാധാരണ ഗതിയിലാക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധ സംഘം. വരും ദിവസങ്ങളിൽ തന്നെ നല്ല വാർത്ത പ്രതീക്ഷിക്കാം' -ആൽഥാനി പറഞ്ഞു.
താലിബാനുമായി ചർച്ച നടത്തുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. എന്നാൽ, താലിബാനെ ഉടൻ അംഗീകരിക്കാൻ ബ്രിട്ടന് പദ്ധതിയില്ല. വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ് അവരെ വിലയിരുത്തപ്പെടുകയെന്നും ഡൊമനിക് റാബ് പറഞ്ഞു.
താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനെ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാവാൻ അനുവദിക്കരുതെന്നും രാജ്യത്തെ മാനുഷിക സാഹചര്യങ്ങളെ അഭിമുഖീകരിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിതല കൂടിക്കാഴ്ചകൾക്കുശേഷം ഡൊമിനിക് റാബ് ദോഹയിലെ അഫ്ഗാൻ അഭയാർഥികളെ സന്ദർശിച്ചു.
ലോകകപ്പിനായി ഒരുക്കിയ ബഹുനില പാർപ്പിട സമുച്ചയങ്ങളിലാണ് ഖത്തർ അഫ്ഗാൻ അഭയാർഥികൾക്ക് താമസസൗകര്യമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.