സ്മാർട്ടായി കഹ്റമ
text_fieldsദോഹ: ആരുടെയും 'കൈ'കടത്തലില്ലാത്ത സേവനങ്ങളുമായി സമ്പൂർണമായും സ്മാർട്ട് ആവാൻ ഒരുങ്ങുകയാണ് ഖത്തറിന്‍റെ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ). ഉപഭോക്താക്കൾക്കുള്ള സേവനങ്ങളെല്ലാം ഓട്ടോമേറ്റഡായി മാറുന്ന സ്മാർട്ട് പദ്ധതിയുടെ 80 ശതമാനവും പൂർത്തിയാക്കിയതായി കഹ്റമ അറിയിച്ചു.
സ്മാർട്ട് കോർപറേഷനായി കഹ്റമയെ മാറ്റുന്ന പദ്ധതികൾക്ക് 2014ലാണ് തുടക്കം കുറിച്ചത്. ലക്ഷ്യത്തിന്‍റെ 80 ശതമാനവും നിലവിൽ പൂർത്തിയാക്കിയതായി സ്മാർട്ട് സൊലൂഷൻസ് ഇൻഫർമേഷൻ സിസ്റ്റം അസി. ഡയറക്ടർ എൻജിനീയർ മുഹമ്മദ് അൽ ബദ്ർ പറഞ്ഞു.
സ്മാർട്ട് നഗരങ്ങൾ എന്ന രാജ്യത്തിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പൊതുമേഖലകളിലെ സേവനങ്ങളും സ്മാർട്ടാക്കിമാറ്റികൊണ്ട് ഉപഭോക്താക്കളുടെ സമയലാഭത്തിനും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനും മുൻഗണന നൽകുന്നത്.
നിലവിൽ കഹ്റമയുടെ മുഴുവൻ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കിതുടങ്ങി. മനുഷ്യ ഇടപെടൽ ഇല്ലാതെതന്നെ പൂർണമായും ഓട്ടോമേറ്റഡ് സംവിധാനങ്ങളായി മാറി -അൽ റയ്യാൻ ടി.വിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ രൂപകൽപന ചെയ്തത്. മുഴുസമയവും ഇവയുടെ സേവനം ഉപയോഗപ്പെടുത്താനും സൗകര്യമുണ്ട്. കോവിഡ് മഹാമാരി പടർന്നതോടെ മുമ്പത്തെക്കാൾ പ്രാധാന്യം കൂടി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മുൻകരുതലിന്‍റെ ഭാഗമായി നേരിട്ടുള്ള ചില സർവിസ് സെന്‍ററുകൾ അടച്ചുപൂട്ടിയെങ്കിലും, സ്മാർട്ട് സർവിസുകൾ വഴി ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.
കോവിഡ് കാലത്ത് എല്ലാ മേഖലയിൽനിന്നുമുള്ള ഉപഭോക്താക്കളിൽനിന്ന് ആവശ്യം കൂടി. കൂടുതൽ പരിചയപ്പെട്ടതിനു പിന്നാലെ ഡിജിറ്റൽ സേവനങ്ങളിൽ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും വർധിച്ചു.
ഒരു ആവശ്യത്തിനായി നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കുന്നതുപോലെതന്നെ പ്രധാന്യം സ്മാർട്ട് പ്ലാറ്റ്ഫോം വഴി നൽകുന്ന അപേക്ഷകൾക്കുമുണ്ടാവും. മറ്റൊരാളുടെ ഇടപെടലില്ലാതെതന്നെ സേവനം ഉറപ്പാക്കാനും കഴിയും.
കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ഇതുവഴി കഴിയുമെന്നും അൽ ബദ്ർ ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.