ദോഹയുടെ ഹൃദയങ്ങളിലെ ‘കൈതോല’ പാട്ടുകൂട്ടം
text_fieldsദോഹ: നാടൻ പാട്ട് എന്നാൽ ഖത്തറിലെ മലയാളികൾക്കിന്ന് ‘കൈതോല’യാണ്. പേരിലെ നാട്ടുതനിമ പോലെ മലയാളികൾ എന്നും നെഞ്ചേറ്റുന്ന നാടൻ പാട്ടുകളും നാട്ടുവാദ്യങ്ങളുമായി ജൈത്രയാത്ര തുടരുന്ന ഒരു പാട്ടുകൂട്ടം. ഒമ്പതു വർഷം കൊണ്ട് 200ലേറെ വേദികൾ പിന്നിടുകയാണ് ഖത്തറിലെ പ്രവാസി കലാകാരന്മാരുടെ ഈ സംഘം.
2016ൽ ഏതാനും കലാകാരന്മാർ ഒന്നിച്ചിരുന്നായിരുന്നു ‘കൈതോല നാടൻപാട്ട്’ എന്ന കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ചെറിയ വേദികളിൽ മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന നാടൻ പാട്ടുകളും വാദ്യങ്ങളും കൊണ്ട് ഉത്സവം തീർത്തുതുടങ്ങിയതോടെ ഈ സംഘത്തെ പ്രവാസി മലയാളികൾ ഏറ്റെടുത്തു.
നാട്ടുഭാഷയും നാടൻ സംഗീതവും ഒപ്പം ചെണ്ട മുതൽ തകിൽ, ഇലത്താളം, കൈമണി, തുടി, മരം ഉൾപ്പെടെ വാദ്യോപകരണങ്ങളുമായി ഇവർ ഒരേ കുപ്പായത്തിൽ ആടിയും പാടിയും കൊട്ടിക്കയറുേമ്പാൾ നാട്ടിലെ ഒരു ഉത്സവം അനുഭവിച്ച ഫീലായിരിക്കും ഈ പ്രവാസി മണ്ണിലും സമ്മാനിക്കുന്നത്.
ഒഴിവു ദിനങ്ങളെ ആനന്ദകരമാക്കാൻ ഒന്നിച്ചിരുന്ന ഒരു ചെറു സംഘത്തിൽ നിന്നായിരുന്നു നിലവിൽ 30പേരിലേറെ കലാകാരന്മാരുള്ള ‘കൈതോല’ രൂപപ്പെട്ടതെന്ന് സംഘത്തിന്റെ ഡയറക്ടർ കൂടിയായ മുഹമ്മദ് ഫൈസൽ പുളിക്കൽ പറയുന്നു.
പ്രവാസി കലാ പ്രവർത്തകൻ ബദറുദ്ദീൻ ചാവക്കാടിന്റെ വീട്ടിലായിരുന്നു 2016ലെ ആ ഒത്തുചേരൽ. രാഹുൽ കല്ലിങ്ങൽ, ഫൈസൽ പട്ടാമ്പി, നന്ദകുമാർ ആലപ്പുഴ, ഷംസുദ്ദീൻ ചെർപ്പുളശ്ശേരി, ഷറഫു പരുതൂർ, കൃഷ്ണകുമാർ കെ.കെ എന്നിവർ മൂളി തുടങ്ങിയ നാടൻ പാട്ടുകളിൽ നിന്നും ഖത്തറിലെത്തന്നെ ജനപ്രിയ പാട്ടുകൂട്ടായ്മയായി അത് മാറിയെന്ന് ഫൈസൽ ഓർക്കുന്നു. ഈ സംഘം ഇന്ന് ഖത്തറിൽ 200നു മുകളിൽ സ്റ്റേജുകളിൽ അവതരിപ്പിച്ചു. അൽ ഖോർ മുതൽ ദുഖാൻ വരെ കൈതോല ടീം എത്തി.
വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഒരുകൂട്ടം കലാകാരന്മാരായിരുന്നു അവധി ദിനങ്ങളിൽ നാടിന്റെ തനിമയാർന്ന പാട്ടുകളുമായി മറുനാടിനെ സംഗീതസാന്ദ്രമാക്കിയത്. കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള തനത് ശൈലിയിലെ നാടന്‍പാട്ടുകള്‍ കൂട്ടിയിണക്കി മണിക്കൂറുകൾ നീളുന്ന ദൃശ്യാവിഷ്കാരമായാണ് അവതരിപ്പിക്കുന്നത്. ഓരോ നാടന്‍പാട്ടും ഓരോ പ്രദേശത്തിന്റെയും ശീലങ്ങളും പാരമ്പര്യവും പുതുതലമുറക്ക് കൈമാറുന്നു.
നാഗ പാട്ട്, നാവൂർ പാട്ടു, ചവിട്ട് കളി പാട്ട് തുടങ്ങി നാടന്‍ പാട്ടുകളോടൊപ്പം നാടന്‍ ദൃശ്യങ്ങളും കൂട്ടിയിണക്കിയിട്ടുണ്ട്. തെയ്യം, ദാരികന്, കുമ്മാട്ടിക്കളി, വെളിച്ചപ്പാട് തുടങ്ങിയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരവും, ചെണ്ട, തവില്‍, മുളന്തുടി, ചിലമ്പ് എന്നിവയുടൈ ചടുല താളത്തിനൊത്ത പദചലനങ്ങളും നാടന്‍ പാട്ടുകള്‍ക്ക് മാറ്റുകൂട്ടുന്നു. കേരളപ്പഴമയുടെ പാട്ടുകളും ശീലുകളും ഖത്തർ മലയാളികളുടെ ഇടയിലും വളർന്നുവരുന്ന പുതുതലമുറക്കും പരിചയപ്പെടുത്താനും കൈമാറ്റം ചെയ്യാനുമാണ് ശ്രമിക്കുന്നതെന്ന് ഫൈസൽ പറയുന്നു.
‘‘നാടന്‍ പാട്ടുകള്‍ കേരളത്തിന്റെ ഭാഷയുടെയും സംസ്കാരത്തിന്റെയും നേര് പകര്‍പ്പാണ്. ചരിത്രപരമായി ജനങ്ങള്‍ അനുഭവിച്ചുവന്ന പീഡനങ്ങളും സങ്കടങ്ങളുമെല്ലാം നാടന്‍ പാട്ടുകളില്‍ അടങ്ങിയിട്ടുണ്ട്.
പുതുതലമുറക്ക് പോയകാല ചരിത്രം അറിയാനുള്ള അവസരം കൂടിയാണ് ഞങ്ങളുടെ ഈ സംഘം’’ -ഫൈസൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഖത്തറിൽ നൽകിയ സ്വീകരണവേദിയിൽ നിന്നായിരുന്നു കൈതോലയുടെ ജനകീയ യാത്രയുടെ തുടക്കം. ശേഷം, വിവിധ പ്രവാസി കൂട്ടായ്മകളുടെ ആഘോഷ വേദികളിലെ നിത്യസാന്നിധ്യമായി.
ഒരു ദിവസംതന്നെ രണ്ടും മൂന്നും സ്റ്റേജ് പരിപാടികളുമായി ഇന്ന് ദോഹയിൽ സജീവമാണ് ഈ കൂട്ടം. മലയാളികൾക്കു പുറമെ, വിവിധ രാജ്യക്കാർ ഒത്തുചേരുന്ന വേദികളിലും കൈതോലക്കൂട്ടത്തിനിന്ന് ആരാധകരുണ്ട്. രജീഷ് കരിന്തലക്കൂട്ടം, കലാഭവൻ മണിയുടെ സഹോദരി പുത്രൻ പവി ചാലക്കുടി, രാഹുൽ, ആതിര ടീച്ചർ, ലക്ഷ്മി നിഷാദ് എന്നിവർ ഈ സംഘത്തിലെ സുപ്രധാന കലാകാരന്മാരാണ്. ചെണ്ടയിൽ പെരുമ തീർത്ത അജീഷും പുതിയടത്ത്, ശ്രീദേവ് കൃഷ്ണയും സംഘത്തിന്റെ ഭാഗമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.