മനസ്സുനിറഞ്ഞ് കരീം ഖത്തറിനോട് യാത്ര പറയുന്നു
text_fieldsദോഹ: ആ ദിവസം ഇന്നും ഓർമയിലുണ്ട്. 1980 ഫെബ്രുവരി നാലിന് കൊയിലാണ്ടിയിൽ നിന്നും ഇന്തോ-അറബ് ബസ് കയറി ബോംബെയിലെത്തി പ്രവാസത്തിലേക്ക് യാത്ര തുടിങ്ങിയ ദിനം. ബോംബെയിൽ 15 ദിവസത്തെ മെഡിക്കലും സ്റ്റാമ്പിങ്ങും ഉൾപ്പെടെയുള്ള ദൈർഘ്യമേറിയ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖത്തർ എന്ന സ്വപ്നലോകത്തേക്ക് പറന്നുയർന്നത് ഇന്നലെ കഴിഞ്ഞപോലെ മനസ്സിൽ മായാതെയുണ്ട്.
ഫെബ്രുവരി 19നായിരുന്നു ദോഹയിൽ വിമാനമിറങ്ങിയത്. പരിമിതമായ കെട്ടിടങ്ങളും, തിരക്കൊഴിഞ്ഞ റോഡുകളും, കണ്ണെത്താ ദൂരത്തിൽ പരന്നുകിടക്കുന്ന മരുഭൂമിയുമായിനിന്ന രാജ്യത്തുനിന്നും തുടങ്ങിയ പ്രവാസത്തിന്‍റെ ഓർമകൾ മടക്കയാത്രയുടെ വേളയിൽ പങ്കുവെക്കുകയാണ് കോഴിക്കോട് നന്തി സ്വദേശിയായ പി.ആർ. അബ്ദുൽ കരീം.
നാലു പതിറ്റാണ്ടും കടന്ന പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ അംബരചുംബികളായ കെട്ടിടങ്ങളും തിരക്കേറിയ നഗരവും ലോകത്തെതന്നെ തലയെടുപ്പുള്ള രാജ്യവുമായി ഖത്തർ മാറിയപോലെ കരീമിന്‍റെ മടക്കവും നിറഞ്ഞ മനസ്സോടെയും സംതൃപ്തമായ പ്രവാസത്തിന്‍റെ സ്മരണകളുമായാണ്. 42 വർഷത്തെ ദൈർഘ്യമേറിയ പ്രവാസത്തിനുശേഷമാണ് ഈ മടക്കയാത്ര.
ഏതൊരു പ്രവാസിയെപോലെയും കുടുംബത്തിന്‍റെ പ്രാരബ്ധങ്ങളായിരുന്നു കിരീമിനെയും സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി പ്രവാസിയാക്കിയത്. അമ്മാവന്‍റെ സുഹൃത്തായ നാട്ടുകാരൻ കൂടത്തിൽ അബൂബക്കർ എന്ന ആദ്യകാല പ്രവാസി നൽകിയ വിസയിലായിരുന്നു ഖത്തറിലെത്തിയത്.
സുഹൃത്തായ നാണുവിനൊപ്പമായിരുന്നു ഖത്തറിലേക്കുള്ള ആദ്യ യാത്ര. പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം എങ്ങനെയെങ്കിലും ഗൾഫ് എന്ന സ്വപ്നത്തിൽ 17ാം വയസ്സിൽതന്നെ പാസ്പോർട്ട് സ്വന്തമാക്കി പ്രവാസിയായി. ഇവിടെയെത്തി ഏതാനും ദിവസത്തിനുള്ളിൽ ജോലിസ്ഥലത്തെത്തി. ഷമാലിലെ ഒരു വീട്ടിൽ ഹൗസ് ബോയ് ആയാണ് ജോലി. സ്പോൺസറുടെ വൃദ്ധനായ പിതാവിന്‍റെ പരിചരണവും വീട്ടുജോലികളും. തുടർന്ന് 17 വർഷം ഈ കുടുംബത്തിനൊപ്പം ജോലിചെയ്തതായി കരീം ഓർക്കുന്നു.
ഇതിനിടെ മരണത്തെ അഭിമുഖീകരിച്ച സംഭവവുമുണ്ടായി. വീട്ടിലെ, പാചകത്തിനിടയിൽ ഗ്യാസിൽനിന്നും തീപടർന്ന് ശരീരത്തിൽ 25 ശതമാനത്തോളം പൊള്ളലേറ്റ് ഒരു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞു. തീ ആളിപ്പടർന്ന അടുക്കളയിൽ നിന്നും ജനലിലൂടെ ചാടി രക്ഷപ്പെട്ടത് ജീവിതത്തിലേക്കായിരുന്നു. തുണയും തണലുമായിനിന്ന ആ അറബി കുടുംബത്തിനും കരീം പ്രിയങ്കരനായി. സുഹൃത്തുക്കൾക്കിടയിൽ ആ വീട് ബൈത് അബ്ദുൽ കരീമായി മാറി. 17 വർഷത്തിനുശേഷമാണ് സ്പോൺസറുടെ അനുമതിയോടെ വീട്ടിൽനിന്നും മാറുന്നത്.
1997 ഹമദ് മെഡിക്കൽ കോർപറേഷനിൽ ഓഫിസ് ബോയ് ആയി പ്രവേശിച്ചു. അറബി ഭാഷയിലെ മികവ് ജോലിയിലെ ഉയർച്ചയിലും സഹായകമായി മാറി. സ്റ്റോർ കീപ്പറും കസ്റ്റംസ് ക്ലിയറൻസ് ഹെൽപറും സ്റ്റോർ അസിസ്റ്റന്‍റുമായി ജോലി സ്ഥാനക്കയറ്റം നേടി, ഇപ്പോൾ അസി. സ്റ്റോർ അനലിസ്റ്റ് തസ്തികയിൽ നിന്നാണ് പടിയിറങ്ങുന്നത്. ഇതിനിടയിലും നേരേത്ത ജോലിചെയ്ത വീട്ടുകാരുമായി അടുത്ത ബന്ധം ഇപ്പോഴും നിലനിർത്തുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ അവരെ സന്ദർശിച്ച് യാത്രപറഞ്ഞതായും കരീം പറയുന്നു.
ജോലിക്കൊപ്പം നാട്ടുകാരുടെ കൂട്ടായ്മയായ നന്തി അസോസിയേഷൻ സ്ഥാപനത്തിലും ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ പ്രവർത്തനത്തിലും സജീവ സാന്നിധ്യമാവാൻ കഴിഞ്ഞു. 42 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുമ്പോൾ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും മൂന്നു പേരെയും അവരുടെ കുടുംബത്തെയും ഖത്തറിൽ എത്തിച്ച് നല്ല നിലയിലാക്കാനും കഴിഞ്ഞതായി നന്ദിയോടെ സ്മരിക്കുന്നു. റംലയാണ് ഭാര്യ. ഷംസു, സൈനബ, മുഹമ്മദ് അലി, റാഹില എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.