കടൽപാട്ടുകളുടെ മത്സരവുമായി കതാറ
text_fieldsദോഹ: കടൽ പാട്ടുകളും സംഗീതങ്ങളും ചേർന്ന വേറിട്ടൊരു മത്സരത്തിനായി വേദിയൊരുക്കാനൊരുങ്ങുകയാണ് കതാറ കൾചറൽ വില്ലേജ്. വേരറ്റുപോയതും, തലമുറകൾക്കിടയിൽ കണ്ണികൾ മുറിഞ്ഞതുമായ പഴയകാലത്തെ കടൽ ജീവിതത്തിന്റെ ഭാഗമായി പാട്ടുകളെ പുതുതലമുറയിലേക്ക് പകരുന്ന ‘അൽ നഹ്മ’ മത്സരത്തിന്റെ നാലാം പതിപ്പിന് ഈ മാസം 26ന് തുടക്കം കുറിക്കുമെന്ന് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. നഹാം അൽ ഖലീജ് എന്ന പേരിൽ ഏപ്രിൽ 30 വരെയാണ് മത്സരങ്ങൾ നടക്കുക.
ഖത്തറിലെയും ഗൾഫ് മേഖലയിലെയും കടൽ ജീവതങ്ങളോട് ചേർന്ന നാടോടിക്കഥകളുടെയും സംഗീതത്തിന്റെയും സമ്പന്നമായ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് അൽ നഹ്മ സംഘടിപ്പിക്കുന്നത്. ദീർഘകാലമായി മറന്നുപോയ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കതാറയുടെ ദൗത്യവുമായി യോജിപ്പിച്ച് ഖത്തറിന്റെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയ സമുദ്ര സംസ്കാരത്തെ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായാണ് അൽ നഹ്മയെ ഉപയോഗപ്പെടുത്തുന്നത്.
പൊതുജനങ്ങൾക്ക് ഖത്തരി പൈതൃകത്തിന്റെ ആഴത്തിലുള്ള അനുഭവം നൽകാനും അൽ നഹ്മ പോലുള്ള പരിപാടിയിലൂടെ കതാറ ലക്ഷ്യംവെക്കുന്നു. മറ്റ് ജി.സി.സി രാജ്യങ്ങൾക്കൊപ്പം ഖത്തറിനും നാടോടി സംഗീതത്തിന്റെ വലിയ പാരമ്പര്യമാണ് ഖത്തറിനുമുള്ളത്. ഇതിൽ സമുദ്ര സംഗീത മേഖല വലിയ പങ്കുവഹിക്കുന്നു. പ്രത്യേകിച്ച് മുത്ത് വാരൽ ജോലിയുമായി ബന്ധപ്പെട്ട ഗാനങ്ങൾ പഴയകാലത്ത് ജോലിയുടെ അവിഭാജ്യ ഘടകമായിരുന്നെന്ന് ചരിത്ര രേഖകൾ പറയുന്നുണ്ട്.
ഓരോ പായ്ക്കപ്പലിനും (ദൗ) ഒരു നിയുക്ത ഗായകൻ ഉണ്ടായിരിക്കും. അദ്ദേഹമാണ് നഹം എന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പാട്ടിലൂടെ പായ്ക്കപ്പലിനുള്ളിലെ ജോലിക്കാരെ കഠിന യാത്രകളിൽ പ്രചോദനവും ആവേശവും നൽകാൻ സമുദ്ര ഗായകന്റെ പാട്ടുകളിലൂടെ സാധിക്കുന്നു. കതാറ ഡ്രാമ തിയറ്ററിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് അൽ നഹ്മ സംഗീതപരിപാടി നടക്കുക. മത്സരത്തിൽ ഒന്നാമതെത്തുന്നവർക്ക് 50,000 റിയാലാണ് സമ്മാനമായി ലഭിക്കുക. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 40,000, 30,000 റിയാൽ വീതവും നാലാം സ്ഥാനത്തിന് 10,000 റിയാലും ലഭിക്കും.
വർക്ക് ആർട്സ്, ലഫ്ജ്രി ആർട്സ് എന്നിങ്ങനെ രണ്ട് വിഭാഗമായാണ് മത്സരം നടക്കുക. ഖത്തറിന്റെ സമ്പദ് വ്യവസ്ഥയിലും സംസ്കാരത്തിലും മുത്തുവാരലിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് രാജ്യത്തിന്റെ സമുദ്ര പൈതൃകത്തെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ കതാറ മുൻപന്തിയിൽ നിൽക്കുന്നുണ്ട്. പരമ്പരാഗത പായ്ക്കപ്പൽ മേള, സെന്യാർ മുത്തുവാരൽ മത്സരങ്ങൾ, മത്സ്യബന്ധന മത്സരം, കുട്ടികൾക്കായുള്ള മുത്തുവാരൽ മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഖത്തറിന്റെ സമ്പന്നമായ സമുദ്ര സംസ്കാരങ്ങളെ ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.