പരിസ്ഥിതി ചിന്തകളുമായി കതാറയിലെ പ്രദർശനം
text_fieldsദോഹ: ലോകപരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രദർശനമൊരുക്കി കതാറ സാംസ്കാരിക ഗ്രാമം. ജനങ്ങൾക്കിടയിൽ സുസ്ഥിര സംസ്കാരം വളർത്തുന്നതിന് പുനരുപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രദർശനമാണ് മൂന്നു ദിവസങ്ങളിലായി നടന്നത്. ‘റീസൈക്ലിങ് ടു ക്രിയേറ്റ് എ സസ്റ്റയിനബിൾ കൾചർ’ എന്ന തലക്കെട്ടിൽ ഒന്നും മാലിന്യങ്ങൾ അല്ല എന്ന സന്ദേശം നൽകുന്നതായിരുന്നു കതാറയിലെ ബിൽഡിങ് 18ൽ നടന്ന പ്രദർശനം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന പ്രദർശനത്തിൽ എൻജിനീയറിങ്ങിന്റെയും പരിസ്ഥിതിയുടെയും വശങ്ങൾ സമന്വയിപ്പിച്ചാണ് അവതരിപ്പിച്ചത്. വീടുകൾ അലങ്കരിക്കാൻ നിർമാണ പ്രവർത്തനങ്ങളിൽ റീസൈക്ലിങ് വസ്തുക്കൾ ഉപയോഗിക്കാൻ പ്രദർശനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അലങ്കാര വസ്തുക്കൾ, മരംകൊണ്ടുള്ള ഇരിപ്പിടങ്ങൾ, കൗതുക വസ്തുക്കൾ തുടങ്ങി വൈവിധ്യമാർന്ന കലാസൃഷ്ടികളാണ് പാഴ് വസ്തുക്കൾകൊണ്ട് പൂർത്തിയാക്കിയത്. ഖത്തർ സൊസൈറ്റി ഓഫ് എൻജിനീയേഴ്സിന്റെ സഹകരണത്തോടെ സുസ്ഥിരത സംസ്കാരം പ്രചരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദർശനം. പ്രദർശനത്തോടനുബന്ധിച്ച് കതാറ ബിൽഡിങ് 19ൽ കുട്ടികൾക്കായി പ്രത്യേക കലാ ശിൽപശാലകളും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.