മുത്തുവാരിയും മീൻപിടിച്ചും മത്സരിക്കാം
text_fieldsദോഹ: പരമ്പരാഗത മുത്തുവാരൽ-മീൻപിടിത്ത മത്സരമായ സെൻയാർ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് ഏപ്രിൽ 30ന് തുടക്കം കുറിക്കുമെന്ന് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. മേയ് മൂന്നുവരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് മേള നടക്കുക. ‘ഒരുമിച്ച് കടലിൽ പോകുക’ എന്നാണ് സെൻയാർ എന്ന വാക്കിന്റെ അർഥം. വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ കതാറ വെബ്സൈറ്റായ katara.nte വഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ വ്യക്തമാക്കി.
ഖത്തറിന്റെ മഹത്തായ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമുദ്ര പൈതൃകവുമായി ബന്ധപ്പെട്ട ആചാരങ്ങളും പാരമ്പര്യങ്ങളും പുനരുജ്ജീവിപ്പിക്കുകയെന്നതാണ് സെൻയാറിലൂടെ ലക്ഷ്യമിടുന്നത്. സെൻയാർ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിലൂടെ യുവതലമുറയിൽ കടലിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും കുറിച്ച് ആഴത്തിലുള്ള മതിപ്പും മൂല്യവും വളർത്തിയെടുക്കാനാണ് കതാറയുടെ ശ്രമം. വെള്ളിയാഴ്ച തുടക്കംകുറിച്ച ‘അൽ നഹ്മ’ കടൽ സംഗീത പരിപാടിക്കൊപ്പം കതാറ വർഷങ്ങളായി തുടരുന്ന സമുദ്ര പൈതൃക പരിപാടികളിലൊന്ന് കൂടിയാണ് സെൻയാർ. ഖത്തരി നാവിക പൈതൃകത്തിൽ സെൻയാർ ഫെസ്റ്റിവൽ ഒരു സുപ്രധാന മേളയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് കതാറ അഭിപ്രായപ്പെടുന്നു. യുവ തലമുറക്ക് അവരുടെ സമ്പന്നവും ആധികാരികവുമായ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന യഥാർഥ അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു.
നാലുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റവലിൽ ഹദ്ദാഖ്, ലിഫാഹ് എന്നിങ്ങനെ രണ്ട് മത്സരങ്ങളാണ് നടക്കുക. ഹാൻഡ്-ലൈൻ മത്സ്യബന്ധനമാണ് ഹദ്ദാഖ്. മുത്തുവാരൽ മത്സരമാണ് ലിഫാഹ്. കഴിഞ്ഞ വർഷം നടന്ന ഫെസ്റ്റിവലിൽ ഗൾഫ് സഹകരണ സമിതി രാജ്യങ്ങളിൽ നിന്ന് 64 മത്സരാർഥികളും ഖത്തറിൽ നിന്ന് 47 പേരുമുൾപ്പെടെ 58 ടീമുകളിലായി 697 പേരാണ് പങ്കെടുത്തത്. ആദ്യ 15 സ്ഥാനങ്ങളിലെത്തുന്നവർക്കായി വൻതുക സമ്മാനം നൽകും. കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തോളം താൽക്കാലികമായി നിർത്തിവെച്ച സെൻയാർ ഫെസ്റ്റിവൽ 2023ലാണ് പുനരാരംഭിക്കുന്നത്. കതാറ സംഘടിപ്പിക്കുന്ന പ്രധാന സമുദ്ര മേളകളിലൊന്നാണ് സെൻയാറെന്ന് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ഇബ്രാഹിം അൽ സുലൈതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.